tharoor-

തൃശൂർ : ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് ശശി തരൂർ എം.പി പറഞ്ഞു

. ഡി.സി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യൻ സ്‌കൂൾ ഒഫ് പൊളിറ്റിക്‌സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പോലും മാറ്റി മറിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നതിനാൽ നമുക്ക് ലോക്‌സഭ മാത്രമേ രക്ഷയുള്ളൂ.

നേരത്തേ 21 സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന ബി.ജെ.പിക്ക് ഇപ്പോൾ 18 സംസ്ഥാനങ്ങളേ ഉള്ളൂവെങ്കിലും അടുത്ത ആറു വർഷത്തിനുള്ളിൽ അവർക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കും. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് പ്രവർത്തകർ ഗൗരവത്തോടെ കാണണം. രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വ സമീപനവും ബി.ജെ.പിയുടെ ഹിന്ദുത്വവും രണ്ടാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുത്വമാണ് രാഹുൽ ഗാന്ധിയുടേത്.

ഗാന്ധിയെ കച്ചവട താത്പര്യത്തോടെയാണ് മോദി സർക്കാർ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെയും ചിന്തകളെയും എടുത്തെറിഞ്ഞ് അദ്ദേഹത്തിന്റെ കണ്ണട മാത്രമാണ് സ്വച്ഛ് ഭാരതിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഗോൾവാർക്കർ മുതലുള്ള ആർ.എസ്.എസ് നേതാക്കളുടെ പാത പിന്തുടരുന്ന നേതാവാണ് മോദി. അവരൊക്കെ ഗാന്ധിയെ വില്ലനായാണ് ചിത്രീകരിക്കുന്നത്.

അവർക്ക് ഹിന്ദുത്വമെന്നത് ഹിന്ദുക്കൾ മാത്രമാണ്. മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം അവരുടെ രാഷ്ട്രീയത്തിലില്ല. ബി.ജെ.പിയുടെ വർഗീയത വിശ്വാസങ്ങൾക്ക് എതിരാണ്. സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചു. കോൺഗ്രസ് എടുത്തിടുന്ന പ്രശ്‌നങ്ങൾ ഏറ്റു പിടിക്കാനേ അവർക്ക് കഴിയുന്നുള്ളൂവെന്നും തരൂർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. പി.വി. കൃഷ്ണൻ നായർ, സി.സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. മൂന്നു ഘട്ടങ്ങളായുള്ള രാഷ്ട്രീയ പഠന കളരിയാണ് ഡി.സി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.