തൃശൂർ: മുണ്ടൂർ പെട്രോൾ പമ്പിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി മുപ്പത് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ ഒരു ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കോഴിക്കോട് നിന്ന് മൂവാറ്റുപുഴയിലേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം സ്വദേശികൾക്കാണ് പരിക്കേറ്റത്.
ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാമംഗലം പൊലീസും കേച്ചേരി - മുതുവറ ആക്ട്‌സ് പ്രവർത്തകരും ചേർന്ന് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയായതിനാലും കടയ്ക്കു മുന്നിൽ ജനങ്ങൾ ഇല്ലാത്തതിനാലും വൻ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് നിരവധി നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. നിസാര പരിക്കുള്ളവർ പ്രാഥമിക ചികിത്സ തേടി ആശുപത്രി വിട്ടു...