തൃശൂർ: ഇന്ത്യ എന്ന വൈവിദ്ധ്യങ്ങളുടെ ആശയത്തെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഇന്ത്യ എന്ന വലിയ ആശയം എന്ന വിഷയത്തിൽ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയ്‌ക്കൊപ്പം സഹജീവിയുടെ ചിന്തകളെ അംഗീകരിക്കാനുള്ള മനസുകൂടി ചേർന്നതാണ് ഇന്ത്യയുടെ സംസ്‌കാരം.

ആ സംസ്‌കാരത്തിനെതിരായ വെല്ലുവിളികളാണ് ആർ.എസ്.എസ് ഉയർത്തുന്നത്. 2004ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി സിക്കുകാരനെ ഇറ്റലിയിൽ ജനിച്ചയാൾ നിർദ്ദേശിച്ചു. മുസ്ലീം മതസ്ഥനായ രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാവാചകം ഏറ്റുചൊല്ലിയാണ് സിക്കുകാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ ആയിരിക്കേ അറബ് രാഷ്ട്രങ്ങളിൽ താൻ സന്ദർശനം നടത്തുന്ന വേളയിലാണ് ഈ സംഭവം നടക്കുന്നത്. അന്ന് അറബ് രാഷ്ട്രത്തിലെ ഭരണാധികാരികൾ ഇന്ത്യയുടെ വൈവിദ്ധ്യത്തെ ശ്ലാഘിച്ചുവെന്നും തരൂർ ഓർത്തെടുത്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ. ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ ജോർജ്ജ്, സെക്രട്ടറി സുധീർ മോഹൻ, ജില്ലാ സെക്രട്ടറി എം.വി സുരേഷ് എന്നിവർ സംസാരിച്ചു.