കയ്പ്പമംഗലം: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ കയ്പ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷിന് ആദരവുമായി വിദ്യാർത്ഥികൾ. കയ്പ്പമംഗലം വിജയഭാരതി എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സ്റ്റേഷനിലെത്തി എസ്.ഐക്ക് മധുരവും പൂച്ചെണ്ടും നൽകിയത്. സ്റ്റേഷനിലെത്തിയ കുട്ടികളെ എസ്.ഐയും മറ്റു പൊലീസുകാരും ചേർന്ന് സ്വീകരിച്ചു. കുട്ടികൾ എസ്.ഐക്ക് സല്യൂട്ട് നൽകി ആദരിച്ചു. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും എസ്.ഐ ജിനേഷ് മറുപടി നൽകി. പൊലീസിന്റെ കർത്തവ്യങ്ങളെക്കുറിച്ചും പൊലീസ് സേനയുടെ ഘടനയെക്കുറിച്ചും എസ്.ഐ കുട്ടികൾക്ക് ബോധവത്കരണം നടത്തി. സ്‌കൂൾ മാനേജർ സോമൻ താമരക്കുളം, പ്രധാനദ്ധ്യാപിക പി. ഷീന, അദ്ധ്യാപിക പി.എസ്. ജിഷ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. മധുരം നൽകിയാണ് എസ്.ഐ കുട്ടികളെ യാത്രയാക്കിയത്.