21 മൂന്നാം ലിംഗക്കാർക്കും വോട്ടവകാശം
44,316 അധികം വോട്ടർമാർ അന്തിമപട്ടികയിൽ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 2,359,582 പേർക്കാണ് വോട്ടവകാശമുള്ളത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാർക്കാണ് ഭൂരിപക്ഷം. ഇക്കുറി 21 മൂന്നാംലിംഗക്കാർക്കും വോട്ടവകാശമുണ്ട്.
ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്നായി 12,26,822 സ്ത്രീകളും 11,32,739 പുരുഷന്മാരുമാണ് പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. 2018 ഒക്ടോബർ ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. കരട് പട്ടികയിൽ 12,04,369 (11,10,893 പുരുഷന്മാരും 12,04,369 സ്ത്രീകളും നാല് മൂന്നാംലിംഗക്കാരും) പേരാണ് ഉണ്ടായിരുന്നത്. അന്തിമപട്ടികയിൽ 44,316 വോട്ടർമാർ കൂടി. 21,846 പുരുഷന്മാരും 22,453 സ്ത്രീകളുമാണ് കൂടുതലായി ഇടംനേടിയത്. ഇതിലും 393 സ്ത്രീ വോട്ടർമാരാണ് കൂടുതൽ.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മണലൂർ (1,98,738) മണ്ഡലത്തിലും കുറവ് കയ്പ്പമംഗലം (1,53,849) മണ്ഡലത്തിലുമാണ്. കൂടുതൽ സ്ത്രീ വോട്ടർമാരും മണലൂരിലാണ്. (1,03,307). ജില്ലയിലെ ആകെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2283 ആണ്. കൂടുതൽ പോളിംഗ് സ്‌റ്റേഷനുള്ളതും മണലൂരാണ്.
വോട്ടർപട്ടിക താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവൽ ഓഫീസർമാർ, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലെത്തി പരിശോധിക്കാം. പട്ടികയിൽ പേരില്ലാത്തവർ വെബ്‌സൈറ്റ് വഴി (www.ceo.kerala.gov.in) ഓൺലൈനിലൂടെ അപേക്ഷിക്കണം. പുതിയ അപേക്ഷകൾ കൂടി പരിഗണിച്ചാകും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയ്യാറാക്കുക.
ജില്ലയിലെ വോട്ടർമാർ
(നിയമസഭാ മണ്ഡലം, പുരുഷന്മാർ, സ്ത്രീകൾ, ആകെ)
ചേലക്കര : 88747 94709 183456
കുന്നംകുളം : 86730 92496 179227
ഗുരുവായൂർ: 90796 983339 189137
മണലൂർ: 95431 103307 198738
വടക്കഞ്ചേരി: 92880 100831193712
ഒല്ലൂർ: 9002594329 184357
തൃശൂർ: 77603 85608 163213
നാട്ടിക: 90313 100294 190611
കയ്പ്പമംഗലം: 70779 83065 153849
ഇരിങ്ങാലക്കുട: 87266 95341 182608
പുതുക്കാട്: 90314 94766 185080
ചാലക്കുടി: 8747692155 179633
കൊടുങ്ങല്ലൂർ: 8437991582175961
വീട്ടിലിരുന്നും പേര് ചേർക്കാം
വോട്ടർപട്ടികയിൽ ഇനി വീട്ടിലിരുന്നും പേര് ചേർക്കാം. ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പുത്തൻ സങ്കേതിക വിദ്യയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇതിലൂടെ രാജ്യത്താകമാനമുള്ള സമ്മതിദായകർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ലഭ്യമാകും. വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പാണ് ഇതിനായി കമ്മിഷൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡൈനാമിക് പോർട്ടലിൽ നിന്ന് തത്സമയം ഡാറ്റ ഇതുവഴി ലഭ്യമാക്കുന്നുണ്ട്.
തിരിച്ചറിയൽ കാർഡിനായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാൽ തിരഞ്ഞെടുപ്പ് ഓഫീസോ, വോട്ടർ ബൂത്തോ സന്ദർശിക്കാതെ വിലാസം മാറ്റുന്നതിനും ഇതുവഴി സാധിക്കും. പുതിയ വോട്ടർ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് ഫോമുകൾ പൂരിപ്പിക്കൽ, മറ്റൊരു നിയോജകമണ്ഡത്തിലേക്ക് താമസം മാറിയാലുള്ളത്, പ്രവാസി വോട്ടർമാർക്കുള്ള സേവനങ്ങൾ, വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുക, അല്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കൽ, എൻട്രികളുടെ തിരുത്തൽ എന്നിവയും ഇതിലൂടെ ലഭ്യമാണ്..