പുതുക്കാട്: കൊച്ചി റിഫൈനറിയിൽ നിന്നും തമിഴ്‌നാട്ടിലെ സേലത്തേക്കുള്ള പാചക വാതക പൈപ്പ് ലൈനിന്റെ നിർമ്മാണം പുതുക്കാട് ആരംഭിച്ചു. കൊച്ചി സേലം പൈപ്പ് ലൈൻ ലിമിറ്റഡ് എന്ന കമ്പനിയാണ് ലൈൻ സ്ഥാപിക്കുന്നത്. കൊച്ചി മുതൽ കഞ്ചിക്കോട് വരെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനാണ് ഇവർക്ക് കരാർ. നിർമ്മാണം മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് തീർക്കുന്ന രീതിയിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
കൊച്ചി മുതൽ കഞ്ചിക്കോട് വരെ മൂന്നിടത്തായി പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അങ്കമാലിയിലും പാലക്കാട് ആലത്തൂരിലും, പുതുക്കാടുമാണ് നിർമ്മാണം നടത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നീ കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സംയുക്ത സംരംഭമാണ് കൊച്ചി സേലം പൈപ്പ് ലൈൻ കമ്പനി. നിലവിൽ സി.സി.കെ പെട്രോനെറ്റിന്റെ പെട്രോൾ, ഡീസൽ എന്നിവ കൊണ്ടു പോകുന്ന കൊച്ചി കരൂർ പൈപ്പ് ലൈയിൻ കടന്നു പോകുന്ന സ്ഥലത്തു കൂടിയാണ് പുതിയ വാതക പൈപ്പ് ലൈയിൻ സ്ഥാപിക്കുന്നത്.
ഭാരത് പെട്രോളിയം കോർപറേഷന് പങ്കാളിത്തമുള്ള കമ്പനിയാണ് സി.സി.കെ പെട്രോനെറ്റ്. ഇതിനാൽ പൈപ്പ് ലെയിൻ സ്ഥാപിക്കാൻ പുതുതായി സ്ഥലം അക്വയർ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഒരു വർഷം മുമ്പ് സ്ഥലം ഉടമകൾക്ക് പെട്രോനെറ്റ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു. ഉപയോഗ അവകാശ നിയമം അനുസരിച്ച് എറ്റെടുത്ത സ്ഥലത്താണ് പെട്രോനെറ്റ് പൈപ്പ് ലെയിൻ സ്ഥാപിച്ചിരുന്നത്. അതിനാൽ വീണ്ടും പൈപ്പ് ലൈൻ സ്ഥാപിക്കാൻ വീണ്ടും നഷ്ടപരിഹാരം നൽകേണ്ടതില്ല.
എങ്കിലും മാനുഷിക പരിഗണന മൂലം നെൽക്കൃഷി നശിക്കുന്ന കർഷകർക്ക് സെന്റിന് 376 രൂപ നൽകും. എറ്റവും കുറഞ്ഞത് 15,00 രൂപയും നൽകും. മറ്റ് വിളകൾക്ക് മാനദണ്ഡപ്രകാരമാണ് നഷ്ടപരിഹാരം. കർഷകർക്ക് ഭൂമിയുടെ രേഖ ഹാജരാകുന്ന മുറയ്ക്ക് ന്യായവിലയുടെ 20 ശതമാനം നഷ്ടപരിഹാരം നൽകും. പുതുക്കാട് മേഖലയിൽ പൈപ്പ് ലെയിൻ കടന്നുപോകുന്ന മിക്കവാറും സ്ഥലം ചതുപ്പായി കിടക്കുകയാണ്. പൈപ്പ് ലെയിൻ സ്ഥാപിക്കുന്നതിന് കാന താഴ്ത്തി പൈപ്പ് സ്ഥാപിക്കുന്നതിന് പകരം ഭൂമി തുളച്ച് പൈപ്പ് ലെയിൻ സ്ഥാപിക്കുന്ന രീതിയാണ് നടക്കുക. ഇതിനായി ആധുനിക യന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. പത്തുപൈപ്പുകൾ വരെ പുറത്ത് വെച്ച് വെൽഡ് ചെയ്ത ശേഷം തുളച്ചു കയറ്റുകയാണ്. ഇടവിട്ട് കുഴികൾ തീർത്ത് അതിലൂടെ പൈപ്പുകൾ തുളച്ചു കയറ്റുന്നതിനാൽ റോഡുകൾ കേടുവരുത്തുന്നത് ഒഴിവാക്കാനാവും എന്നത് പൊതുജനങ്ങൾക്കും അധികൃതർക്കും എറെ ആശ്വാസമുണ്ട്. രണ്ട് പൈപ്പ് ലെയിനുകളാണ് ഇക്കുറി സ്ഥാപിക്കുന്നത്. ഒന്ന് എൽ.പി.ജി കൊണ്ടു പോകുന്നതിനും, മറ്റൊന്ന് വാർത്താവിനിമയത്തിനും ഗ്യാസിന്റെ നിയന്ത്രണത്തിനുമായി ഒപ്ടിക്കൽ ഫൈബർ സ്ഥാപിക്കുന്നതിനുമാണ്. വരും കാലങ്ങളിൽ പാചകവാതകം വീടുകളിൽ പൈപ്പ് ലെയിൻ വഴി ലഭ്യമാക്കുന്നതിനും വാതക പൈപ്പ് ലൈൻ വഴി വയ്ക്കും.