തൃശൂർ: ഭർത്താവിന്റെ ബാദ്ധ്യതയ്ക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളിൽ റവന്യൂ റിക്കവറി നടപടി നടത്തരുതെന്ന ഭാര്യയുടെ ഹർജി തൃശൂർ രണ്ടാം അഡീഷണൽ മുൻസിഫ് ആർ.എം. സെൽമത്ത് തള്ളി. കേരള സർക്കാരിനെയും റവന്യൂ റിക്കവറി തഹസിൽദാരെയും കൈപ്പറമ്പ് വില്ലേജ് ഓഫീസറെയും ഭർത്താവിനെയും പ്രതികളാക്കി കൈപ്പറമ്പ് വാറോട്ടിൽ ശശിയുടെ ഭാര്യ ബിന്ദുവാണ് ഹർജി നൽകിയത്. വാഹനാപകട കേസിൽ നഷ്ടപരിഹാരം നൽകാൻ തൃശൂർ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ബിന്ദുവിന്റെ ഭർത്താവ് ശശിയോട് ഉത്തരവിട്ടിരുന്നു. പണം അടയ്ക്കാത്തത് മൂലം റവന്യൂ റിക്കവറി നടപടികളിലൂടെ തുക പിരിച്ചെടുക്കാൻ എം.എ.സി.ടി. ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ഇതനുസരിച്ച് റവന്യൂ റിക്കവറി നടപടി ആരംഭിച്ചപ്പോഴാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഭർത്താവ് തങ്ങളെ സംരക്ഷിക്കുന്നില്ലെന്നും, താൻ സ്വന്തം വരുമാനം കൊണ്ട് സമ്പാദിച്ച സ്വത്ത് ഭർത്താവിന്റെ ബാദ്ധ്യതയിലേക്ക് ജപ്തി ചെയ്യാൻ പറ്റില്ലെന്നുമായിരുന്നു ബിന്ദുവിന്റെ വാദം. അന്യായക്കാരിയും ഭർത്താവും തമ്മിൽ യാതൊരു വഴക്കുമില്ലെന്നും റവന്യൂ റിക്കവറി നടപടിക്കെതിരെ സിവിൽ കോടതിയിൽ അന്യായം നിലനിൽക്കില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ബിന്ദുവിന്റെ ഹർജി തള്ളിയത്. സർക്കാരിനായി അഡിഷണൽ ഗവൺമെന്റ് പ്ലീഡർ കെ.എൻ. വിവേകാനന്ദൻ, അഡ്വ. പൂജ വാസുദേവൻ എന്നിവർ ഹാജരായി...