എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ പുലിയന്നൂരിൽ വീട് തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഗൃഹനാഥൻ തട്ടാൻ വീട്ടിൽ ബാലകൃഷ്ണൻ(65), ഭാര്യ നളിനി(55), മകൾ സ്വാതി(21) എന്നിവർക്കാണ് നിസാരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. ഓടിട്ട തട്ടുയരമുള്ള വീടിന്റെ മേൽക്കൂര ചുമരോടുകൂടി തകർന്ന് വീഴുകയായിരുന്നു. കല്ല് നെഞ്ചിൽ വീണാണ് ബാലകൃഷ്ണന് പരിക്കേറ്റത്. ഓട് വീണാണ് മറ്റു രണ്ട് പേർക്കും പരിക്കേറ്റത്.
അപകടം നടന്നയുടൻ അബോധാവസ്ഥയിലായ ബാലകൃഷ്ണനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ തിരിച്ചെത്തി. കാലപഴക്കമുള്ള വീടിന് കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. വീട് പുനർ നിർമ്മിക്കാൻ കഴിയാത്തതിനാൽ നിർദ്ധന കുടുംബം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാടക കൊടുക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ കുറച്ചു ദിവസങ്ങളായി അപകടാവസ്ഥയിലായ വീട്ടിൽ ജീവൻ പണയപ്പെടുത്തിയാണ് ഇവർ കഴിഞ്ഞിരുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് അപടത്തിൽ ജീവൻ നഷ്ടപ്പെടാതെ മൂന്നു പേരും രക്ഷപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ഷെർളി ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, വാർഡ് മെമ്പർ ശ്രീജ നന്ദൻ എന്നിവർ തകർന്നവീട് സന്ദർശിച്ചു. വീട് നിർമ്മിച്ച് നൽകാൻ പ്രത്യേക പരിഗണന ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും വില്ലേജ് ഓഫീസർക്കും അപേക്ഷ സമർപ്പിക്കുമെന്നും ഇവരെ കുറുവന്നൂർ സബ് സെന്ററിലേക്ക് മാറ്റി പാർപ്പിക്കുമെന്നും പഞ്ചായത്ത് അധിക്യതർ അറിയിച്ചു.