തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിലും പുത്തൻപള്ളിക്ക് സമീപവുമാണ് തെരുവുനായ്ക്കളുടെ അക്രമത്തിൽ 12 പേർക്ക് കടിയേറ്റു. ശക്തൻ സ്റ്റാൻഡിൽ 11 പേരെയും പുത്തൻപള്ളിക്ക് സമീപം ഒരാളെയും അടക്കം 12 പേരെയാണ് നായ കടിച്ചത്. ശക്തൻ സ്റ്റാൻഡിലുണ്ടായിരുന്ന അപ്പാവു (65), ചന്ദ്രൻ (51), അനീഷ് (41), ജോസ് (20), അർഷാദ് (45), ഡേവിസ് (59), ഡേവിസ് (72), റോയ് (50), അബിൻരാജ് (18) ബീഹാർ സ്വദേശി ഹുസൈൻ (26), സേലം സ്വദേശി ശിവൻ (43), എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പുത്തൻപള്ളിക്ക് സമീപം ഉച്ചയ്ക്ക് ശേഷം രണ്ടോടെ സമീപവാസിയായ ആന്റണിക്കാണ് (45) കടിയേറ്റത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മുതൽ രാവിലെ എട്ടര വരെ വിവിധ സമയങ്ങളിലായാണ് ശക്തനിൽ ആക്രമണം നടന്നത്. കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്നും കടിയേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിചരണത്തിനായി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂരിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം ഏറിവരികയാണെന്ന പരാതി വ്യാപകമാണ്. തൃശൂർ കോർപറേഷന്റെ ആഭിമുഖ്യത്തിൽ പറവട്ടാനിയിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി നടന്നുവരുന്നുണ്ടെങ്കിലും തെരുവ് നായ്ക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണെന്നാണ് ആക്ഷേപം.
മാലിന്യം വലിച്ചെറിയലാണ് വർദ്ധിച്ചുവരുന്ന നായശല്യത്തിന് പ്രധാനകാരണമെന്ന് ഡി.എം.ഒ ഡോ.കെ.ജെ റീന പറഞ്ഞു. കുത്തിവയ്പ്പ് മരുന്നും മറ്റും ആവശ്യത്തിന് ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.