citu-ofice
തീവെച്ചു നശിപ്പിച്ച നെല്ലുവായ് സി.ഐ.ടി.യു ഓഫീസ്

എരുമപ്പെട്ടി: നെല്ലുവായിൽ സി.ഐ.ടി.യു ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. വഴിയാത്രക്കാർ ഓഫീസ് കത്തുന്നത് കണ്ട് തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. ഓഫീസ് പൂർണ്ണമായും അഗ്‌നിക്കിരയായി. ഫർണീച്ചറുകളും വർഷങ്ങളുടെ പഴക്കമുള്ള രേഖകളും കത്തി നശിച്ചു. ഞായറാഴ്ച രാത്രിയിൽ എരുമപ്പെട്ടിയിൽ സി.പി.എം, ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. മേഖലയിൽ സമാധാന അന്തരീക്ഷം തകർത്ത് സംഘർഷം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമം നടത്തുകയാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ.ബി. സുബ്രഹ്മണ്യൻ, കെ.എം. അഷറഫ് എന്നിവർ ആരോപിച്ചു. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രകടനം നടത്തി. മങ്ങാട് സെന്ററിൽ നിന്നാരംഭിച്ച പ്രകടനം നെല്ലുവായ് സെന്ററിൽ സമാപിച്ചു. സി.ഐ.ടി.യു, സി.പി.എം നേതാക്കളായ കെ.എം. മൊയ്തു, യു.കെ. മണി, ഒ.ബി. സുബ്രഹ്മണ്യൻ, കെ.എം. അഷറഫ്, പി.ടി. ദേവസി തുടങ്ങിയവർ നേതൃത്വം നൽകി.