തൃശൂർ: ആചാരങ്ങളെല്ലാം സാമൂഹിക നീതിക്കെതിരാണെന്നും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതാണെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. സാഹിത്യ അക്കാഡമി ദേശീയ പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ആചാരങ്ങളും സാമൂഹിക നീതിയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിയെ തടയുന്നതാണ് എല്ലാ ആചാരങ്ങളും. മുൻകാലങ്ങളിലുണ്ടായിരുന്ന പല ആചാരങ്ങളെയും നവോത്ഥാന നായകരും അവരോടൊപ്പം നിന്ന ജനങ്ങളും ചെറുത്തുതോല്പിച്ച അനുഭവം മുന്നിലുണ്ട്.
ആചാരത്തിന്റെ പേരുപറഞ്ഞ് സമൂഹത്തിൽ സ്പർദ്ധയും അക്രമങ്ങളും നടത്തുകയും രാഷ്ട്രീയ മുതലെടുപ്പിനായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം അപകടകരമാണ്. ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും കുമാരനാശാനുമെല്ലാം നിരവധി ആചാരങ്ങളെ തള്ളിപ്പറഞ്ഞ് ജനങ്ങളെ മുന്നോട്ട് നയിച്ചവരാണ്. ഇവരുടെ മാതൃക സ്വീകരിക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ് എഴുത്തുകാരൻ സു വെങ്കിടേശൻ, സാഹിത്യ അക്കാഡമി നിർവാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡോ. നിഷ എം. ദാസ്, ഡോ. രാജാ ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു. ടി.ആർ. അനിൽ കുമാർ സ്വാഗതവും വി.ജി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വൈകീട്ട് രാമചന്ദ്രപുലവരും സംഘവും പാവനാടകം അവതരിപ്പിച്ചു...