തൃശൂർ : ജില്ലയിലെ നാളികേര കർഷകർക്കും കയർ കർഷകർക്കും പ്രതീക്ഷയേകി തൊണ്ട് ശേഖരണം ഊർജ്ജിതമാക്കുന്നു. കർഷകർ നിലവിൽ നൽകുന്ന തുകയേക്കാൾ കൂടുതൽ വില നൽകി തൊണ്ടുകൾ ശേഖരിച്ച് സംസ്‌കരിച്ച ശേഷം നാരുകൾ കയർ തൊഴിലാളികൾക്ക് നൽകാനുള്ള പ്രവർത്തനമാണ് നടക്കുന്നത്.

പ്രതിവർഷം കേരളത്തിൽ ഉത്പാദിപ്പിക്കപ്പടുന്ന 600 കോടി നാളികേരത്തിന്റെ വലിയൊരുഭാഗം തൊണ്ടും പാഴായിപ്പോകുകയാണ്. അത് കൊണ്ട് തന്നെ പ്രധാന പരമ്പരാഗത വ്യവസായമായ കയർ വ്യവസായം ചകിരിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം പ്രതിസന്ധിയിലാണ്. ചകിരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിലവാരം പിടിച്ചുനിറുത്തുന്നതിനുമാണ് കയർഫെഡിന്റെ നേതൃത്വത്തിൽ പരമാവധി തൊണ്ടു സംഭരിച്ച് ചകിരിയാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഇതിന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. നിലവിൽ തുമ്പൂരിലാണ് തൊണ്ട് ശേഖരിച്ച് സംസ്‌കരണം നടക്കുന്നത്. മുല്ലശേരി, പട്ടിക്കാട്, എസ്.എൻ പുരം എന്നിവിടങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്. എന്നാൽ ഇത് കൂടുതൽ വ്യാപിപ്പിച്ച് മറ്റ് കയർ സഹകരണ സംഘങ്ങളിൽ നിന്ന് വാങ്ങി സംസ്‌കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

നൽകുന്നത് 1.40 പൈസ

നിലവിൽ കർഷകർക്ക് ഒരു തൊണ്ടിന് 1.40 പൈസയാണ് നൽകുന്നത്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു. രണ്ട് രൂപയെങ്കിലും തൊണ്ടിന് ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പുതിയ പദ്ധതി പ്രകാരം 1.70 പൈസ നൽകാനുള്ള തീരുമാനം കയർ ബോർഡ് കൈക്കൊണ്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

പച്ചത്തൊണ്ടിന് ക്ഷാമം

കൃത്യമായ തെങ്ങ് കയറ്റം ഇല്ലാതായതോടെയാണ് പച്ചത്തൊണ്ടിന് ക്ഷാമം കൂടുതലായി നേരിട്ട് തുടങ്ങിയത്. നേരത്തെ എല്ലാ മാസവും തെങ്ങ് കയറ്റം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മൂന്നും നാലും മാസം കഴിഞ്ഞതിന് ശേഷം മാത്രമെ നടക്കുന്നുള്ളൂ. അവ തന്നെ കർഷകർ വില ഉയരുന്നതിനനുസരിച്ച് നാളികേരമാക്കി നൽകും. ഇതേത്തുടർന്ന് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് വേണ്ടത്ര തൊണ്ട് ലഭിക്കാതെ വരുന്നു. തുമ്പൂരിലെ സംസ്‌കരണ കേന്ദ്രത്തിൽ പ്രതിമാസം ഒരു ലക്ഷത്തിൽ താഴെ തൊണ്ട് സംസ്‌കരിക്കാൻ സംവിധാനം ഉണ്ടെങ്കിലും എഴുപതിനായിരത്തോളം തൊണ്ടുകളാണ് ലഭിക്കുന്നത്.

തൊണ്ട് കുഴിച്ചു മൂടുന്നു

നാളികേരം എടുത്ത ശേഷം ഭൂരിഭാഗം കർഷകരും തൊണ്ട് കത്തിച്ച് കളയുകയോ കുഴിച്ച് മൂടുകയോ ആണ് ചെയ്യുന്നത്. ഇതിന് മാറ്റം വരുത്തി പരമാവധി തൊണ്ട് കയർഫെഡ് നാളികേര ഉത്പാദകരിൽ നിന്നും വിതരണക്കാരിൽ നിന്നും സംഭരിച്ചു ചകിരിയാക്കുന്ന പദ്ധതി ഊർജ്ജിതപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിലെ പാഴായിപ്പോകുന്ന തൊണ്ട് സംഭരിക്കുക വഴി നാളികേര കർഷകർക്കും കയർ തൊഴിലാളികൾക്കും പ്രയോജനം ലഭിക്കുന്നതാണ്.

(സി. സുരേഷ്‌കുമാർ, കയർഫെഡ് മാനേജിംഗ് ഡയറക്ടർ )

കൂടുതൽ വിവരങ്ങൾക്ക്

സർക്കാരിന്റെ രണ്ടാം കയർ പുനഃസംഘടന പദ്ധതിയുടെ ഭാഗമായി തൊണ്ട് നൽകാൻ താത്പര്യമുള്ള കർഷകരും വിതരണക്കാരും 8281009869 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം ( ഇ.എ. പ്രസാദ്, മാനേജർ, തുമ്പൂർ തൊണ്ട് സംസ്‌കരണ കേന്ദ്രം)