drama

തൃശൂർ : പൂർത്തിയാകാൻ 8 മിനിറ്റ് മാത്രം ബാക്കി നിൽക്കേ നാടകാവതരണം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചതിൽ വ്യാപകമായ ജനരോഷം. കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് യുവജനകലാസമിതി വാർഷികാഘോഷത്തിന്റെ ഭാഗമായി കൊട്ടേക്കാട് പള്ളി മൈതാനിയിൽ അമ്പലപ്പുഴ അക്ഷരജ്വാല നാടകസമിതി അവതരിപ്പിച്ച 'വേറിട്ട കാഴ്ചകൾ' എന്ന നാടകമാണ് പൊലീസുകാർ നിറുത്തിവയ്പ്പിച്ചത്. തീരാൻ എട്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കേ സംഘാടകരുടെ അഭ്യർത്ഥന മാനിക്കാതെയാണ് വിയ്യൂർ സ്റ്റേഷനിലെ പൊലീസുകാർ ഇത് നിറുത്തിവയ്പ്പിച്ചത്.

രണ്ടായിരത്തിലേറെ വരുന്ന കാണികൾ രോഷാകുലരായെങ്കിലും സംഘാടകരുടെ ഇടപെടലിൽ സംയമനം പാലിച്ചതുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവായി. കോടതി വിധി നടപ്പാക്കുന്നുവെന്ന് അവകാശപ്പെട്ട് പൊലീസ് അവതരണം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കേ പൊലീസ് ഇടപെട്ട് നാടകം നിറുത്തിവയ്പ്പിച്ചത് മനഃപൂർവ്വം ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ഇടപെടലായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പൊലീസ് നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവജന കലാസമിതി പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ മുഖ്യമന്ത്രിക്കും, സാംസ്‌കാരികമന്ത്രി എ.കെ.ബാലനും ഫാക്‌സ് സന്ദേശമയച്ചു. കലാസമിതിയുടെ 58-ാം വാർഷികാഘോഷം കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. ജോജു ആളൂർ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.