ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന ആനയോട്ടത്തിൽ 30 ആനകളെ പങ്കെടുപ്പിക്കും. ഉത്സവാഘോഷത്തിനായുള്ള ആനയോട്ട സബ്കമ്മിറ്റി യോഗമാണ് പരമാവധി 30 ആനകളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. ഉത്സവം കൊടിയേറ്റ ദിനമായ ഈ മാസം 17ന് വൈകിട്ട് മൂന്നിനാണ് ആനയോട്ടം. ആനയോട്ട ദിവസം സുരക്ഷ ശക്തമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെടും. വടം കെട്ടിയും ബാരിക്കേഡ് ഉപയോഗിച്ചും ജനങ്ങളെ നിയന്ത്രിക്കും.
മഞ്ജുളാൽ പരിസരത്ത് നിന്നും ഓടിയെത്തി ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആനയെ മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കൂ. ആനയോട്ടത്തിന് മുമ്പ് ആനപാപ്പാൻമാർക്ക് ക്ലാസ് നൽകും. ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് ആനയോട്ടത്തിന് ശേഷം വടക്കെനടയിൽ ക്ഷേത്രക്കുളത്തിന് സമീപം ആനയൂട്ട് നൽകും.
വിദഗ്ദ്ധ സമിതി നിശ്ചയിക്കുന്ന ആനകളെയാണ് ഓടുന്നതിന് തെരഞ്ഞെടുക്കുന്നത്. 10 ആനകളിൽ നിന്ന് നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെ മുന്നിൽ അണിനിരത്തും. രണ്ട് ആനകളെ കരുതലായി തെരഞ്ഞെടുക്കും.
ആനയോട്ടത്തിന് മുമ്പ് റോഡിൽ വെള്ളം ഒഴിച്ച് തണുപ്പിക്കും. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ആനയോട്ട സബ്കമ്മിറ്റി ചെയർമാനും ഭരണസമിതി അംഗവുമായ എം. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ കെ.ആർ. സുനിൽ കുമാർ, പി. ശങ്കുണ്ണി രാജ് എന്നിവർ സംബന്ധിച്ചു..