തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് മുൻവർഷത്തെ പോലെ നിബന്ധനകളോടെ നടത്താൻ തീരുമാനം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ദേവസ്വം ഭാരവാഹികളും കളക്ടറും പങ്കെടുത്ത തലസ്ഥാനത്തെ യോഗത്തിൽ മുൻവർഷം ഉപയോഗിച്ച എല്ലാ വെടിമരുന്നുകളും അതേ തോതിലും അളവിലും ഉപയോഗിക്കാൻ ധാരണയായി. വെടിമരുന്ന് സൂക്ഷിക്കാനുള്ള മാഗസിനുകൾ വേണമെന്നതുൾപ്പെടെയുള്ള നിഷ്‌കർഷ, ദൂരപരിധി എന്നിവയും പാലിക്കണം.
ഇരു ദേവസ്വങ്ങളും ദുരന്ത നിവാരണ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഊന്നൽ നൽകും. മുൻവർഷത്തെ പൂരം വെടിക്കെട്ട് ചട്ടപ്രകാരം മികച്ച രീതിയിൽ നടത്താനായെന്ന് യോഗം വിലയിരുത്തി. വെടിക്കെട്ട് സാമ്പിളുകളുടെ പരിശോധന നാഗ്പൂരിലാണ് നേരത്തെ നടത്തിയത്. അത് തൃശൂരിലേക്ക് മാറ്റും. അതോടെ സംഘാടകർക്ക് കൂടുതൽ സൗകര്യമായി.
2,000 കി.ഗ്രാം വെടിമരുന്ന് ഉപയോഗിച്ചാണ് ഓരോ വിഭാഗവും പൂരം വെടിക്കെട്ട് നടത്തുന്നത്. പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ആഘോഷങ്ങൾക്ക് ശിവകാശി ഉൾപ്പെടെ അംഗീകൃത വെടിക്കെട്ട് നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. കലക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകും. നിലവിൽ ഇത്തരം ചെറിയ വെടിക്കെട്ടുകൾക്കും അനുമതി നിഷേധിക്കുകയായിരുന്നു. പെരുന്നാളുകൾക്ക് പടക്കം പൊട്ടിക്കാനും ഇതോടെ ഇളവു ലഭിക്കും. വെടിക്കെട്ട് മാഗസിനുകൾ നിർമ്മിക്കാൻ മുന്നോട്ടുവരുന്നവർക്ക് സ്ഥലം ലഭ്യമാക്കുന്നതിനും സർക്കാർ ഉദാരസമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ, ഡെപ്യൂട്ടി ചീഫ് കൺട്രോളർ (എക്‌സ്‌പ്ലോസീവ്‌സ്) ആർ. വേണുഗോപാൽ, തൃശൂർ കളക്ടർ ടി.വി. അനുപമ, ഐ.ജി. എം.ആർ. അജിത് കുമാർ, എ.സി.പി: വി.കെ. രാജു, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖര മേനോൻ, സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. എക്‌സിബിഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളുമായി താമസിയാതെ ചർച്ച നടത്തും. അറിയിപ്പ് നൽകാൻ വൈകിയതിനെ തുടർന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ല. എക്‌സിബിഷൻ ഗ്രൗണ്ടിന് വാടക നിർണയിക്കലും ഇതൊടൊപ്പം നടക്കും.