പാവറട്ടി: വിളക്കാട്ടുപാടം ഗ്രാമത്തിന്റെ ഉത്സവമായ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രമേള വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസങ്ങളിലായി നടക്കും. മേളയില്‍ 50 ഷോര്‍ട്ട് ഫിലിമുകള്‍, 10 ഡോക്യുമെന്‍ററികള്‍, രാജ്യാന്തര സിനിമകള്‍, ഓപ്പണ്‍ഫോറം എന്നിവ നടക്കും. മികച്ച ഹ്രസ്വചിത്രത്തിനും ഡോക്യുമെന്ററി ഫിലിമിനും ജോൺ എബ്രഹാം പുരസ്കാരം സമ്മാനിക്കും.

പി.കെ. ബിജുവിന്‍റെ 'ഓത്ത്' ആണ് ഉദ്ഘാടനച്ചിത്രം. തുടർന്നു വരുന്ന ദിവസങ്ങളിൽ വനിതാ വേദിയുടെ നേതൃത്വത്തില്‍ ഒറ്റമുറിവെളിച്ചം, പെണ്ണൊരുത്തി എന്നീ ചലച്ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. ബാലവേദിയുടെ നേതൃത്വത്തില്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്, സീനിയര്‍ സിറ്റിസണ്‍സിന്‍റെ നേതൃത്വത്തില്‍ 'പരിയേറും പെരുമാള്‍', 'സൈറത്ത്' എന്നിവയും സമാപനദിനത്തില്‍ 'ഇരട്ടജീവിത'വും പ്രദര്‍ശിപ്പിക്കും. ഇവയ്ക്കു പുറമെ മത്സര വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50ല്‍ പരം ഷോര്‍ട്ട് ഫിലുമുകളും 10 ഡോക്യൂമെന്‍ററികളും പ്രദര്‍ശിപ്പിക്കും. മികച്ച ഹ്രസ്വചിത്രത്തിനും ഡോക്യുമെന്‍ററിക്കും ജോണ്‍ എബ്രഹാം പുരസ്കാരം വിതരണവും ഉണ്ടായിരിക്കും. ദിവസവും പ്രമുഖ സംവിധായകകരുമായി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. മുരളി പെരുനെല്ലി എം.എൽ.എ വെള്ളിയാഴ്ച വൈകീട്ട് 6.30ന് മേള ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ രേവതി ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ഗിന്നസ് ജേതാവ് മുരളീ നാരായണൻ, സുരേഷ് നാരായണൻ, സംവിധായകൻ പി.കെ. ബിജു, ചാക്കോ ഡി. അന്തിക്കാട്, സംവിധായകൻ ഓസ്കാർ സൈജോ കണ്ണനായ്ക്കൽ, ഫാ. ബെന്നി ബെനഡിക്ട്, കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ് എന്നിവർ പങ്കെടുക്കുന്നു. പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, ദേവസൂര്യ ഭാരവാഹികളായ എം.ജി.ഗോകുൽ , റെജി വിളക്കാട്ടുപാടം, സുരേഷ് ടി കെ ,ബിജു സി ആർ എന്നിവർ പങ്കെടുത്തു.