തൃശൂർ:കാലാവസ്ഥാ വ്യതിയാനവും ജനിതകമാറ്റവും ചിക്കൻ പോക്സ് വൈറസിനെ കരുത്തരാക്കുന്നുണ്ടെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും ജില്ലയിൽ ചിക്കൻപോക്സ് ബാധിതർ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ജനുവരിയിൽ 282 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഈ വർഷം ജനുവരിയിൽ 221 രോഗബാധിതർ മാത്രമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ഈ മാസം 21 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 274 പേർക്കാണ് രോഗം ബാധിച്ചത്. വേനൽക്കാലം കഴിയുന്ന മേയ് വരെ രോഗം പ്രതീക്ഷിക്കാം. കഴിഞ്ഞ ജൂണിൽ 131 രോഗബാധിതർ മാത്രമാണുണ്ടായത്. സംസ്ഥാനത്ത് ചിക്കൻപോക്‌സ് രോഗബാധ കൂടുന്നതായും മരണസംഖ്യ ഉയരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് രോഗങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും ചിക്കൻപോക്‌സ് ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രതിരോധവാക്സിന് 1,500 രൂപയോളം വില വരുന്നതിനാൽ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. വില കൂടുതലായതിനാൽ പ്രതിരോധവാക്സിൻ എടുക്കാൻ ഭൂരിഭാഗം ജനങ്ങളും തയ്യാറാകുന്നില്ല. ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തി പുതുതായി ചിക്കൻ പോക്‌സ് ബാധിതരാകുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ലക്ഷണങ്ങൾ

നേരിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്‌സിന്റെ പ്രധാന ലക്ഷണം. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിന് മുമ്പ് തന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാം. നെഞ്ചിലോ പിറകിലോ മുഖത്തോ ആരംഭിക്കുന്ന കുരുക്കൾ പതുക്കെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിറയും. അസുഖത്തിന്റെ കഠിന്യമനുസരിച്ച് വായ, കൈവള്ള, കാൽപ്പാദം എന്നീ ഇടങ്ങളിൽ വൈറസ് ബാധിക്കും. ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാകും. കുരുക്കൾ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറും. അഞ്ചു മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കും.

പ്രതിരോധിക്കാം

അസൈക്ലോവിർ ഗുളികകൾ, വൈറ്റമിൻ ടാബ്‌ലറ്റുകൾ തുടങ്ങിയവ രോഗബാധിതർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാം. ലക്ഷണങ്ങൾ കണ്ടാലുടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടാം. കലാമിൻ ലോഷൻ പുരട്ടാം. ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കണം. തണുത്ത അന്തരീക്ഷം ഒരുക്കുന്നത് രോഗശമനത്തിന് സഹായിക്കും. വൃത്തിയുളള സാഹചര്യം ഒരുക്കണം. രോഗബാധിതരെ മാറ്റിപ്പാർപ്പിക്കണം. രണ്ടാഴ്ചയ്ക്കുളളിൽ സാധാരണഗതിയിൽ രോഗം ശമിക്കും.

ചിക്കൻ പോക്‌സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നൽകിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ബോധവത്കരണത്തിന്റെ ഭാഗമായുള്ള ആരോഗ്യ സന്ദേശ യാത്രകളും പൂർത്തിയായിട്ടുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ച് രോഗപ്രതിരോധം ശക്തമാക്കും.

ഡോ. ടി.വി. സതീശൻ (ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം)

കാലാവസ്ഥാമാറ്റം ചിക്കൻപോക്‌സ് വൈറസിന് അനുകൂല സാഹചര്യമൊരുക്കുന്നതായുള്ള പഠനങ്ങളില്ല. വൈറസിന് ജനിതകമാറ്റം ഉണ്ടാകുന്നതായും സ്ഥിരീകരിച്ചിട്ടില്ല. കുറേ വർഷങ്ങൾക്ക് മുമ്പേ ചിക്കൻപോക്സ് ബാധിതരുടെ എണ്ണം കൂടി. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗം പടരുന്നത് ഒഴിവാക്കുന്നുണ്ട്.

ഡോ. ഉമാമഹേശ്വരി (പകർച്ചവ്യാധി പ്രതിരോധവിഭാഗം,ആരോഗ്യവകുപ്പ്) ....