കയ്പ്പമംഗലം: പ്രളയക്കെടുതിയിൽ തകർന്ന വീട് പണിതു നൽകാമെന്ന് പറഞ്ഞ് സ്പോൺസർ പൊളിച്ചിട്ടതാണ്. തറകെട്ടി പണി തുടങ്ങി. പക്ഷേ ഇപ്പോൾ മാസം നാലു കഴിഞ്ഞു. ഒരിഞ്ച് പണി മുന്നോട്ട് നീങ്ങിയിട്ടില്ല. താത്കാലിക ഷെഡിൽ ജീവിതം തള്ളി നീക്കുന്ന എടത്തിരുത്തി 14 ാം വാർഡിലെ അറക്കപറമ്പിൽ ചെറുകണ്ടൻ ഭാര്യ അമ്മിണി (66) ഇപ്പോഴും കാത്തിരിപ്പിലാണ്. പുതിയ വീടിനായി.
എടത്തിരുത്തിയിലെ പ്രളയക്കെടുതിയിൽ തകർന്ന 120 വീടുകളിൽ മൂന്ന് വീടുകൾ പ്രവാസി മലയാളി പുനർനിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ അമ്മിണിയും ഉൾപ്പെട്ടിരുന്നു. ആശ്രയം പദ്ധതിയിൽ വീടു ലഭിക്കുമെന്നിരിക്കെയായായിരുന്നു ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. നാലുമാസം മുമ്പ് വീട് പൊളിച്ച് മാറ്റി. തറകെട്ട് തുടങ്ങി. 450 ചതുരശ്ര അടിയിൽ 7 ലക്ഷം രൂപയ്ക്ക് വീട് നിർമ്മിക്കാനായിരുന്നു വ്യവസ്ഥ.
കഴിഞ്ഞ മാസം ജനുവരി 19 ന് രണ്ട് വീടുകൾ പണി പൂർത്തീകരിച്ച് ജില്ലാ കളക്ടർ താക്കോൽ കൈമാറി. 27 വർഷം മുമ്പ് അമ്മിണിയുടെ ഭർത്താവ് മരിച്ചിരുന്നു. എട്ടര സെന്റ് സ്ഥലത്തായിരുന്നു താമസം. സുഖമില്ലാത്ത രണ്ട് ആൺമക്കളെ വളർത്തി. മൂത്ത മകൻ നേരത്തെ മരിച്ചു. വിവാഹം കഴിച്ച് രണ്ടു കുട്ടികളായപ്പോൾ ഇളയമകനും മരിച്ചു. ഇളയമകന്റെ ഭാര്യയും രണ്ടുകുട്ടികളും അവരുടെ വീട്ടിലേക്കും പോയി. അസുഖങ്ങൾ ഉള്ളതു കൊണ്ട് ജോലിയെടുക്കാനാകില്ല . മാസം 5000 രൂപയോളം മരുന്നിന് വേണം.
മാസങ്ങൾ കൂടുമ്പോൾ കാർഷിക പെൻഷൻ ലഭിക്കുന്നുണ്ട്. മരുമകൻ സത്യന്റെ ചെറിയ സഹായം ലഭിക്കുന്നുണ്ട്. സ്‌പോൺസറോ പഞ്ചായത്ത് അധികൃതരോ ഇതുവരെ നിർമ്മാണ തടസത്തിന് കാരണം അറിയിച്ചിട്ടില്ലെന്നും, മകന്റെ ഭാര്യ കഴിഞ്ഞ പഞ്ചായത്ത് ഇലക്‌ഷനിൽ മത്സരിച്ചതാവാം തടസമായതെന്ന് സംശയമുണ്ടെന്നും അമ്മിണി പറഞ്ഞു.
................................
വീട് പണിത് കൊടുക്കാൻ പറ്റാത്ത കാരണം സ്‌പോൺസറോ, പഞ്ചായത്ത് വില്ലേജ് അധികൃതരോ അമ്മിണിയോടോ ബന്ധപെട്ടവരോടോ അറിയിച്ചിട്ടില്ല. ഇവർക്ക് ബി.ജെ.പിയുമായി ബന്ധമുള്ളതു കൊണ്ടാണ് പിന്മാറ്റം
ജ്യോതിബാസ് തേവർക്കാട്ടിൽ
ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്
....................
തറ കെട്ടിക്കൊണ്ടിരുന്ന സമയത്ത് ആ വീട്ടുകാർ യാതൊരു തരത്തിലും സഹകരിച്ചിരുന്നില്ല. അതിനാലാണ് പണി നിറുത്തി പോരേണ്ടി വന്നത്
മോഹനൻ
കരാറുകാരൻ
....................
വീട്ടുകാരുടെ നിസഹകരണം കൊണ്ടാണ് സ്‌പോൺസറായ പ്രവാസി ഈ വീടുപണിയിൽ നിന്ന് പിൻമാറാൻ കാരണം. ഇത് ജില്ലാ കളക്ടറെ സ്‌പോൺസർ അറിയിച്ചിരുന്നു. പ്രളയത്തിൽ പൂർണ്ണമായും വീടു തകർന്നതിനാൽ അമ്മിണിക്ക് എത്രയും പെട്ടെന്ന് 4 ലക്ഷം രൂപ നൽകും
ബൈന പ്രദീപ്
പഞ്ചായത്ത് പ്രസിഡന്റ്