ഗുരുവായൂർ: ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ടെർമിനൽ കിഴക്കേനടയിൽ നഗരസഭ നിർമ്മിക്കുന്നു. ഇപ്പോഴത്തെ സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ ടെർമിനൽ നിർമ്മിക്കുക. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഇതിന് അംഗീകാരം നൽകി. ഇനി സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും.
15 കോടി രൂപയാണ് നിർമ്മാണത്തിന് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര നടയിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കടമുറികൾ ഒഴിവാക്കി ഇവിടെ സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 37,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ടെർമിനൽ നിർമ്മിക്കുന്നത്. താഴെയും ഒന്നാം നിലയിലുമായി 84 കടമുറികളാണ് ഉണ്ടാകുക. ഇരുവശങ്ങളിലും കച്ചവട സ്ഥാപനങ്ങളും നടവിൽ നടവഴിയും എന്ന രീതിയിലാണ് നിർമ്മാണം.
ഓരോ കടമുറികൾക്കും തൊണ്ണൂറ് ചതുരശ്ര അടിയാകും വിസ്തീർണ്ണമുണ്ടാകുക. രണ്ടാം നിലയിൽ പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഫുഡ് കോർട്ടും നിർമ്മിക്കും. 'എൽ' മാതൃകയിലാണ് നിർമ്മാണം. 24 ശുചിമുറകളും ഷോപ്പിംഗ് കോംപ്ലക്‌സിൽ ഉണ്ടാകും. ഇതിന് പുറമേ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അവസാന ഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കംഫർട്ട് സ്റ്റേഷനും നിർമ്മിക്കും. പുരുഷൻമാർക്കും സ്ത്രീകൾക്കും 40 വീതം ശുചിമുറികളാണ് ഇവിടെ നിർമ്മിക്കുക. നാല് കോടി രൂപയാണ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ട് വിഭാഗത്തിലെ പ്രൊഫസർ ഡോ. പി. ജോസ്‌ന റാഫേലാണ് ബസ് ടെർമിനലിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും മാതൃകകൾ തയ്യാറാക്കിയിട്ടുള്ളത്. ഇവർ ഇതേക്കുറിച്ച് കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു. സർക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൺ വി.എസ്. രേവതി അദ്ധ്യക്ഷത വഹിച്ചു.
ബസ് ടെർമിനൽ
മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മാണം
36 ബസുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും
13 കടമുറികളും നൂറ് പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച വിശ്രമ സ്ഥലവും
സ്ത്രീകൾക്ക് പ്രത്യേക വിശ്രമ സ്ഥലം, മുലയൂട്ടലിനുള്ള സ്ഥലം, ഇൻഫർമേഷൻ സെന്റർ
ഒന്നാം നിലയിൽ ഓഫീസുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള സ്ഥലങ്ങൾ
രണ്ടാം നിലയിൽ മുന്നൂറ് പേർ വീതം ഇരിക്കാവുന്ന രണ്ട് കൺവെൻഷൻ സെന്ററുകൾ
ഒരു സർവീസ് ലിഫ്‌റ്റ് അടക്കം മൂന്ന് ലിഫ്ടുകളും രണ്ട് എസ്‌കലേറ്ററുകളും