എരുമപ്പെട്ടി: മലയാളത്തിന് ചിത്രം, വന്ദനം എന്നിവ ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് പി.കെ.ആർ പിള്ള ഓർമ്മ നഷ്ടപ്പെട്ട്, ഭക്ഷണത്തിനും മരുന്നിനും വഴികാണാതെ തൃശൂർ പീച്ചിയിലെ വീട്ടിൽ വാർദ്ധക്യത്തിലെ ദുരിതജീവിതത്തിൽ നിശ്ശബ്ദനായി കഴിയുന്നു.
അറിയപ്പെടുന്ന വ്യവസായി കൂടിയായിരുന്ന പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപചിത്രം മങ്ങിത്തുടങ്ങിയതെന്ന് ഭാര്യ പറയുന്നു. നിർമ്മാതാവ് സജി നന്ത്യാട്ട് നിർമ്മാതാക്കളുടെ വാട്സ്‌ആപ് ഗ്രൂപ്പിൽ പിള്ളയുടെ കഥ പങ്കുവച്ചതോടെയാണ് ഇക്കാര്യം പഴയ സുഹൃത്തുക്കൾ പോലും അറിഞ്ഞത്. ഇപ്പോൾ 85 വയസുണ്ട്.
1984-ൽ നിർമിച്ച വെപ്രാളം ആയിരുന്നു പി.കെ.ആർ പിള്ളയുടെ ആദ്യചിത്രം. പിന്നീട് അമൃതംഗമയ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി 22 സിനിമകൾ. ഓർമ്മക്കറവു ബാധിച്ച പിള്ള, മൂന്നു വർഷം മുമ്പ് മരണമടഞ്ഞ മകൻ മടങ്ങിവരുന്നതും കാത്ത് ഇപ്പോഴും ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കും. മകൾക്കു വിവാഹപ്രായം കഴിഞ്ഞു. സൂപ്പർതാരങ്ങൾക്കും സംവിധായകർക്കും ഒരിക്കൽ കോടികൾ പ്രതിഫലം നൽകിയ കൈകളിൽ ഇന്നു ചില്ലിക്കാശു പോലുമില്ല.കൊച്ചിയിൽ പിള്ളയ്ക്ക് ഉണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന സ്ഥലങ്ങളിൽ പലതും ഇപ്പോൾ മറ്റു പലരുടെയും കൈകളിലായി.