തൃശൂർ: പുരാവൃത്തങ്ങൾക്ക് രാഷ്ട്രീയ - സാമൂഹികതലങ്ങളിൽ തീക്ഷ്ണമായി പ്രവർത്തിക്കാനാകുമെന്ന് മനസിലാക്കിയ രാഷ്ട്രീയശക്തികൾ പതിറ്റാണ്ടുകളായി ഭാരതത്തിൽ രാമനെ പ്രതിലോമകരമായി ഉപയോഗിക്കുകയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കേരള സാഹിത്യ അക്കാഡമി ദേശീയ പുസ്തകോത്സവ വേദിയിൽ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ ശതാബ്ദിയോടനുബന്ധിച്ച് 'കുമാരനാശാനും സീതാകാവ്യവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുരോഗമനക്കാർക്ക് പുരാവൃത്തങ്ങളും രാമനുമെല്ലാം കേവലം കെട്ടുകഥയും അന്ധവിശ്വാസവുമാണ്. ജനങ്ങളെയാകെ ആന്തരികമായി പ്രചോദിപ്പിക്കുവാൻ പുരാവൃത്തങ്ങൾക്ക് കഴിയുമെന്ന കാര്യം അവർ ഉൾക്കൊള്ളുന്നില്ല. സ്വാതന്ത്ര്യ സമരകാലത്തും രഥയാത്രയ്ക്ക് വേണ്ടിയും ബാബറി മസ്ജിദിന്റെ പേരിലും രാമനെ ഗാന്ധിജിയും അദ്വാനിയുമെല്ലാം ഉപയോഗപ്പെടുത്തി. ഇന്ത്യയെ എക്കാലത്തും പ്രചോദിപ്പിച്ച രാമകഥയ്ക്ക് നിരവധി ആഖ്യാനങ്ങളുണ്ടായി. തമ്മിൽ ചേർച്ചയില്ലാത്തതും അതിൽ ഉൾപ്പെടുന്നു. പുതിയ വ്യാഖ്യാനങ്ങളും ഭാവനകളും പുരാവൃത്തങ്ങളിൽ തുടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൊഫ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കടാങ്കോട് പ്രഭാകരൻ സ്വാഗതവും, മനീഷ പാങ്ങിൽ നന്ദിയും പറഞ്ഞു. വൈകീട്ട് 'ചിന്താവിഷ്ടയായ സീത' ഭരതനാട്യക്കച്ചേരി ലാവണ്യ അനന്ത് ചെന്നൈ അവതരിപ്പിച്ചു...