p-k-r-pillai

തൃശൂർ: ''ഇവരൊക്കെ ആരാ?​'' മമ്മൂട്ടിയും മോഹൻലാലും സംവിധായകൻ കമലും തന്നോടൊപ്പം വീട്ടിലിരിക്കുന്ന ഫോട്ടോ കൈയിൽ വച്ച് സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ചോദിച്ചു. ഫോട്ടോ തിരികെ വാങ്ങി,​ നിറകണ്ണുമായി ഭാര്യ രമ ഓരോരുത്തരെയായി പരിചയപ്പെടുത്തുമ്പോഴും പിള്ളയുടെ കണ്ണുകളിൽ തിരിച്ചറിയായ്‌കയുടെ നിശ്ചലത.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളായ വന്ദനവും ചിത്രവും ഉൾപ്പെടെ 22 ചിത്രങ്ങളുടെ നിർമ്മാതാവായ പി.കെ.ആർ പിള്ളയാണ് വാർദ്ധക്യവും രോഗവും ‌ചേർന്ന് മായ്ച്ചുകളഞ്ഞ ഓർമ്മകളിൽ നിന്ന് പ്രിയമുഖങ്ങൾ തിരിച്ചെടുക്കാനാകാതെ,​ മരുന്നിനും ചികിത്സയ്ക്കും പോലും മാർഗമില്ലാതെ,​ മരിച്ചുപോയ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ പടിവാതിൽക്കലേക്കു കണ്ണുംനട്ടിരിക്കുന്നത്.

''പിള്ളച്ചേട്ടന് വയസ്സ് 85 കഴിഞ്ഞു. ആദ്യഭാര്യ മരിച്ചു. മൂന്നു വർഷം മുമ്പ് മോൻ സിദ്ധു മരിച്ചതോടെ ഓർമ്മ നഷ്ടമായി. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു. കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. 22 സിനിമകൾ നിർമിക്കുകയും രണ്ടു സിനിമയിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന് പെൻഷനു പോലും അർഹതയില്ലേ?" പി.കെ.ആർ പിള്ളയുടെ ജീവിതകഥ പറയുമ്പോൾ രമയുടെ വാക്കുകളിൽ നിരാശയേക്കാൾ സങ്കടം

മകൻ സിദ്ധുവിനെ കഴിഞ്ഞ വർഷം ജനുവരിയിലാണ് ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. അതോടെ പിള്ളച്ചേട്ടൻ തക‌ർന്നു. അവനു വേണ്ടി തലയിണയും പുതപ്പും ഒരുക്കിവച്ച് ഇങ്ങനെ ദിവാൻകോട്ടിലിരിക്കുന്നതു കാണുമ്പോൾ സഹിക്കില്ല. ഇളയ മകൾ സോനു വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്നു- രമ പറയുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളോട് രമ പിള്ളച്ചേട്ടന്റെ അവസ്ഥ പറഞ്ഞിരുന്നു. ഹിറ്റ് സിനിമകളുടെ സാറ്റലൈറ്റ് അവകാശമെങ്കിലും നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഒന്നും നടന്നില്ല. സംവിധായകൻ വിനയൻ ധനസഹായം നൽകിയതായിരുന്നു അല്പം ആശ്വാസം. സഹായിക്കാമെന്ന് നിർമാതാവ് സുരേഷ് കുമാറും,​ പ്രൊഡ്യൂസേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ പ്രതീക്ഷയിലാണിപ്പോൾ രമ.

സിനിമ പോലെ ജീവിതം

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ളയുടെ ബിസിനസ് സംരംഭങ്ങൾ മുംബയിലായിരുന്നു. പ്രതാപകാലത്ത് മുംബയ് മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇന്ദിരാഗാന്ധിയുടെ അടുത്ത സൗഹൃദം സ്ഥാപിച്ചു. 35 വർഷം മുമ്പ് ചെന്നൈയിൽ എത്തിയ കാലത്താണ് ആദ്യസിനിമ നിർമിച്ചത്- വെപ്രാളം. അതിൽ ഇരട്ടറോളിൽ അഭിനയിച്ചു. എൺപതുകളുടെ തുടക്കം മുതൽ 20 വർഷത്തിനിടെ 22 സിനിമകൾ. ബിസിനസ് തകർന്നപ്പോൾ എല്ലാം മതിയാക്കി പത്തു വർഷം മുൻപ് തൃശൂർ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമായി.