മാള: മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സമര സേനാനി കെ.എ. തോമസിന് സ്മാരകം സ്ഥാപിക്കുന്നു. മാളയിൽ രാഷ്ട്രീയ- ചരിത്ര- പൈതൃക മ്യൂസിയം സ്ഥാപിക്കാനും ധാരണയായി. മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, വി.ആർ. സുനിൽകുമാർ എം.എൽ.എ. എന്നിവർ പങ്കെടുത്ത മുസിരിസ് പ്രൊജക്ട് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിൽ ആദ്യമായാണ് കെ.എ.തോമസിന്റെ പേരിലുള്ള മ്യൂസിയം. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെയും തിരുക്കൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു കെ.എ.തോമസ്. പട്ടം താണുപിള്ള ചെയർമാനും അരങ്ങിൽ ശ്രീധരൻ സെക്രട്ടറിയുമായിരുന്ന സോഷ്യലിസ്റ്റ് പാർട്ടി തിരുക്കൊച്ചി കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
1965ലും 67 ലും ലീഡർ കെ. കരുണാകരനെതിരെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു. 67ൽ 367 വോട്ടുകൾക്കാണ് ലീഡറോട് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ലീഡറുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ഇതായിരുന്നു. മാളയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനായി നിയമ പോരാട്ടങ്ങളടക്കം നടത്തിയാണ് കെ.എ. തോമസ് കൂടുതൽ ശ്രദ്ധേയനായത്. 1916 ഒക്ടോബർ രണ്ടിന് മാളയിലാണ് ജനിച്ചത്. 1980 ന് ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച കെ.എ. തോമസ് കലാസാംസ്കാരിക രംഗത്ത് സജീവമായി. ലീഡർ മരിക്കുന്നതു വരെ അടുപ്പം പുലർത്തി. ലീഡറുടെ മരണം ഓർമ്മശക്തി കുറഞ്ഞതിനാൽ കെ.എ. തോമസിനെ അറിയിച്ചില്ല.
2011 മാർച്ച് രണ്ടിന് മരിച്ച കെ.എ. തോമസിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുത്തു. തുടർന്ന് മാളയിൽ കെ.എ. തോമസ് മാസ്റ്റർ ഫൗണ്ടേഷന് രൂപം നൽകി. ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മികച്ച പൊതുപ്രവർത്തകർക്ക് പുരസ്കാരം നൽകുന്നു.
പോരാട്ടങ്ങളുടെ തീച്ചൂളയിലൂടെ
1941 മുതൽ പ്രജാമണ്ഡലത്തിന്റെ അംഗമെന്ന നിലയിൽ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു
മാള മേഖലയിലെ ചെത്തുതൊഴിലാളികളെയും ഓട്ടുകമ്പനി തൊഴിലാളികളെയും സംഘടിപ്പിച്ചു
പാലിയം അയിത്തോച്ചാടന സമരത്തിൽ പങ്കാളിയായി.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.ഐയിലും പ്രവർത്തിച്ചു.
15 വർഷം പൊയ്യ പഞ്ചായത്ത് പ്രസിഡന്റായി
10 വർഷം മാള ബി.ഡി.സി ചെയർമാനായി.