viji
ലിവർ സിറോസിസ് ബാധിതനായ ഭർത്താവ് രമേഷിനൊപ്പം ഭാര്യ വിജി

കാഞ്ഞാണി: മണലൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ലിവർ സിറോസിസ് ബാധിതനായ ഭർത്താവിനെ താങ്ങിയെടുത്ത് പ്രതിദിനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന വീട്ടമ്മയെ ഡ്യൂട്ടി ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. വിഷയത്തിൽ ജില്ലാ കളക്ടർ, അനിൽ അക്കര എം.എൽ.എ, മെഡിക്കൽ കോളേജ് സൂപ്രണ്ട് തുടങ്ങിയവർക്ക് പരാതി നൽകി. കാഞ്ഞാണി മണലൂർ സ്വദേശി വിജി രമേഷാണ് പരാതി നൽകിയത്. രമേശിന് വയറിൽ വെള്ളം വന്നു നിറയുന്ന അസുഖമാണ്. വയർ വന്നു വീർത്ത നിലയിലുള്ള രമേഷിന് വെള്ളം വയറിൽ നിറയുമ്പോൾ മരണ വെപ്രാളമാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ അസുഖം കൂടുമ്പോൾ ഭർത്താവിനെ താങ്ങിയെടുത്ത് വിജി 28 കിലോമീറ്റർ ദൂരത്തേക്ക് ഓട്ടോ വിളിച്ച് എത്തിക്കും. ആശുപത്രിയിലെ വനിതാ ഡോക്ടറടങ്ങുന്ന സംഘം രാത്രിയിൽ ചികിത്സയ്‌ക്കെത്തുന്നതിൽ വിലക്കിയതായാണ് പരാതി. അഞ്ച് മുതൽ ഏഴ് ലിറ്റർ വെള്ളം കുത്തിയെടുത്തു കളഞ്ഞാൽ മാത്രം മരണവെപ്രാളത്തിലുള്ള രോഗിക്ക് അല്പം ശമനം ലഭിക്കുമെന്നിരിക്കെ രോഗിയുമായി പകൽ സമയത്ത് എത്തിയാൽ മതിയെന്നാണ് വനിതാ ഡോക്ടർമാർ ക്ഷുഭിതരായി പറഞ്ഞത്. രാത്രിയിൽ ഇത്തരം ജോലികൾക്ക് തങ്ങളെ കിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

പല രാത്രികളിലും വിജിക്ക് ശകാരവും, ഭീഷണിയും നേരിടേണ്ടി വന്നതായാണ് ആക്ഷേപം. ചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വിജി സാമൂഹിക പ്രവർത്തകയും ഡി.ടി.പി.സി ജീവനക്കാരിയുമായ രഞ്ജിനിയുടെ സഹായം തേടി. ഇവരുടെ സമ്മർദ്ദത്തിൽ മനസില്ലാ മനസോടെ വെള്ളം കുത്തിയെടുക്കാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഒ.പി. ടിക്കറ്റ് വലിച്ചെറിഞ്ഞു. ഒ.പി. ടിക്കറ്റ് വലിച്ചെറിഞ്ഞ ഡോക്ടറെ കാണാൻ പിന്നീട് സഹോദരനൊപ്പം രഞ്ജിനി ശ്രമിച്ചെങ്കിലും ഇങ്ങനെയൊരു ഡോക്ടർ ഇവിടില്ലെന്നും, നിങ്ങൾ അതൊന്നും അന്വേഷിക്കണ്ട എന്നും പറഞ്ഞ് മറ്റു ഡോക്ടർമാരും രംഗത്തെത്തി. തുടർന്നാണ് രഞ്ജിനിയുടെ നേതൃത്വത്തിൽ വിജി പരാതി നൽകിയത്. പരാതിയിൽ മോശപ്പെട്ട രീതിയിൽ സംസാരിച്ച ഡോക്ടറുടെയും, ഭീഷണിപ്പെടുത്തി സംസാരിച്ചു എന്നാരോപിക്കുന്ന ലേഡി ഡോക്ടറുടെയും തത്സമയ ചിത്രങ്ങൾ നൽകിയിട്ടുണ്ട് . ഇതിനുശേഷവും അപമാനം തുടരുകയാണ്. വീൽച്ചെയറും, സ്‌ട്രെച്ചറും നൽകാതെ ബുദ്ധിമുട്ടിക്കുന്നത് പതിവാണെന്നും വിജി പറഞ്ഞു.