തൃശൂർ: റേഷൻ വസ്തുക്കൾ നേരിട്ട് കടകളിൽ തൂക്കം നൽകണമെന്ന ഹൈക്കോടതി വിധി വരെ അട്ടിമറിച്ചതോടെ ജില്ലയിലെ റേഷൻ വിതരണം അവതാളത്തിലാണ്. സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിത്തിലേത് പോലെ തന്നെ മാഫിയകളുടെ ഇടപെടലിലൂടെ കരിഞ്ചന്തയിലേക്ക് റേഷൻ വസ്തുക്കൾ ഒഴുകുകയാണ്. വാതിൽപ്പടിയിലെ ചരക്ക് നീക്കത്തിന് സപ്ളൈകോ സ്വീകരിച്ച ടെൻഡർ നടപടിക്രമങ്ങൾ തട്ടിപ്പിന് വളമിടുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ജില്ലയിലെ ആറ് താലൂക്കുകളിലും പലയിടത്തും ചരക്ക് നീക്ക ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് കരാർ നൽകിയത്. ഇത് തട്ടിപ്പിന് കളമൊരുക്കാനാണെന്നാണ് അനുമാനം. എഫ്.സി.ഐയിൽ നിന്നും ഗോഡൗണുകളിലേക്കും അവിടെ നിന്നും റേഷൻകടകളിലേക്കും കൊണ്ടുപോകുന്നതിനുള്ള ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് കരാർ. ഇത് വഴിയുള്ള നഷ്ടം തട്ടിപ്പിലൂടെ സംഘം ഈടാക്കുന്നുണ്ടെന്നാണ് ആക്ഷേപം.

വാതിൽപ്പടി വിതരണ കരാർ നടപ്പിലാക്കേണ്ടത് സിവിൽ സപ്ലൈസ് കോർപറേഷനാണ്. എന്നാൽ സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിലെ മാഫിയകൾക്ക് തന്നെ അവസരം നൽകുന്ന നയമാണ് സ്വീകരിക്കുന്നത്. എഫ്.സി.ഐയിൽ നിന്നും ഗോഡൗണുകളിലേക്കും അവിടെ നിന്നും റേഷൻകടകളിലേക്കും അടക്കമുള്ള വിതരണമാണ് ഇത് മൂലം അട്ടിമറിക്കപ്പെടുന്നത്. വാതിൽപ്പടി സംവിധാനത്തിന് കരാർ എടുത്തിരിക്കുന്നതിൽ പലരും ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധുക്കളാണ്. ജില്ലയിലെ ആറ് താലൂക്കുകളിലും വിതരണം എങ്ങുമെത്താത്ത നിലയിലാണ്.

വിതരണ അപാകത സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശ പ്രകാരം സപ്ലൈകോ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം കണ്ടെത്തിയിരുന്നു. ഒരു താലൂക്കിൽ മൂന്ന് ബിനാമികളെ ടെൻഡർ നടപടികളിൽ പങ്കെടുപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഒരു ടെൻഡറിന് ഒരു ലക്ഷം രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.

മൂന്ന് പേർ ടെൻഡർ നടപടികളിൽ നേരിട്ട് പങ്കെടുത്തത് സംബന്ധിച്ച കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജില്ലയിലെ റേഷൻ വിതരണത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ റേഷനിംഗ് ഇൻസ്‌പെക്ടറും താലൂക്ക് സപ്ലൈ ഓഫീസർമാരും കൃത്യമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല..

ചരക്ക് നീക്ക ചെലവ് കൂടുതൽ,

ടെൻഡർ വിളിച്ചത് കുറവിന്

എഫ്.സി.ഐയിൽ നിന്നും ഒരു ഗോഡൗണിലേക്ക്

സപ്ളൈകോ അനുവദിച്ചത്

ലോഡിന് 5195 രൂപ

കരാർ നൽകിയത്

4990 രൂപയ്ക്ക്

ഗോഡൗണിൽ നിന്നും റേഷൻകടകളിലേക്ക്

5,220 രൂപ ചെലവ്.

കരാർ നൽകിയത്

4,700 രൂപയ്ക്ക്