police-pidikoodiya-jcb
വെള്ളറക്കാട് കൈതമാട്ടത്തിൽ നിന്ന് പിടികൂടിയ ജെ.സി.ബി.

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൈതമാട്ടത്തിൽ കുന്നിടിച്ചുള്ള മണ്ണെടുപ്പ് വീണ്ടും ആരംഭിച്ചു. കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിൽ മണ്ണെടുത്തിരുന്ന ജെ.സി.ബി പിടികൂടി. കൈതമാട്ടത്തിൽ അനധികൃതമായി കുന്നിടിച്ച് വൻതോതിലുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. പൊലീസ് നടപടി ഒഴിവാക്കുന്നതിനായി പുലർച്ചെയാണ് മണ്ണെടുപ്പ് നടത്തുന്നത്.

വില്ലേജ് അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും മണ്ണെടുപ്പ് നിർബാധം തുടരുകയാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ, പൊതു പ്രവർത്തകരും അനധികൃത മണ്ണെടുപ്പിനെതിരെ പ്രതികരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

മണ്ണെടുപ്പ് നടത്തുന്ന വാഹനങ്ങൾക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്ന അധികൃതർ സ്ഥല ഉടമയ്ക്ക് എതിരെയും നിയമ നടപടി കൈകൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പിടികൂടിയ ജെ.സി.ബി തുടർ നടപടികൾക്കായി ആർ.ഡി.ഒയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.