vanitha
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വനിതാ ശാക്തീകരണ ശിൽപ്പശാല എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ലോകത്താകമാനം സ്ത്രീകൾ നടത്തിയ മുന്നേറ്റമായിരുന്നു മീ -ടൂ കാമ്പയിനെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വനിതാ കമ്മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വനിതാ ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മതങ്ങളും ഭരണാധികാരികളും തങ്ങളുടെ വളർച്ചയ്ക്കായി വനിതകളെ അടിച്ചമർത്തുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്ന കാഴ്ചയാണ് ലോകത്താകമാനം ഇതുവരെ കണ്ടിട്ടുള്ളത്. നവോത്ഥാന മുന്നേറ്റങ്ങൾക്ക് വലിയ മുൻതൂക്കം നൽകുന്ന കേരളത്തിലും സ്ത്രീകളെ സമൂഹത്തിൽ നിന്നും അകറ്റി നിറുത്താനുള്ള തന്ത്രങ്ങൾ അരങ്ങേറുന്നു. ആർത്തവത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ ഇതിന് ഉദാഹരമാണെന്നും അവർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, കൗൺസിലർ മാലാ രമണൻ എന്നിവർ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, മേലൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ബാബു, കുമാരി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എ. ഗ്രേസി, വി.ഡി. തോമസ്, സെക്രട്ടറി പി.എൻ. അരുൺരാജ്, അംഗങ്ങളായ പുഷ്പി വിത്സൻ, ലിജി പോളി, എം. രാജഗോപാൽ, ഉഷാ രാവുണ്ണി എന്നിവർ പ്രസംഗിച്ചു.