അന്തിക്കാട്: മൂന്ന് പതിറ്റാണ്ടോളമായി ലോക മനസാക്ഷിയെ നടുക്കിയ പല പ്രകൃതി ദുരന്തങ്ങളിലും ഹാം റേഡിയോയിലൂടെ സർക്കാരിനെയും, ജനങ്ങളെയും സഹായിച്ച അന്തിക്കാട് സ്വദേശി ശ്രീമുരുഗനെ ജന്മനാട് ആദരിക്കുന്നു. വേറിട്ട സാമൂഹിക പ്രവർത്തനങ്ങളിലൂടെ വരും തലമുറയ്ക്ക് വഴികാട്ടിയാണ് ശ്രീമുരുഗൻ. പ്രകൃതി ദുരന്തങ്ങളെ തുടർന്ന് വൈദ്യുത വാർത്താ വിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുമ്പോൾ ദുരന്തമുഖത്തു നിന്നുള്ള വാർത്തകൾ കൈമാറാനുള്ള ഏക മാർഗമാണ് നാലു ബാറ്ററികൾ കൊണ്ട് പോലും പ്രവർത്തിപ്പിക്കാവുന്ന ഹാം റേഡിയോകൾ.
അന്തിക്കാട് കൊച്ചത്ത് വീട്ടിൽ ശ്രീമുരുഗൻ 1992 ൽ ഹാം റേഡിയോക്കുള്ള ലൈസൻസ് കരസ്ഥമാക്കിയ വ്യക്തിയാണ്. ജനിച്ച് നാലു മാസമെത്തിയപ്പോൾ വിധി പോളിയോയുടെ രൂപത്തിൽ ശ്രീമുരുഗന്റെ കാലുകളെ തളർത്തിയെങ്കിലും അടങ്ങാത്ത പോരാട്ടത്തിലൂടെ സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് ആശ്രയ കേന്ദ്രമായി പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ദുരന്ത സമയങ്ങളിൽ ഹാം റേഡിയോ ഉപയോഗിച്ച് ജനങ്ങളെയും, സർക്കാരിനെയും സഹായിച്ചതിന് അഞ്ചിലധികം പുരസ്‌കാരങ്ങൾ ശ്രീമുരുഗനു ലഭിച്ചു. 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ലെ സുനാമി വാർത്താ വിനിമയം തുടങ്ങി 2018 ലെ പ്രളയ സമയത്ത് വരെ ശ്രീ മുരുഗൻ തന്റെ ഹാം റേഡിയോയിലൂടെ സേവനം ചെയ്തു.
ചെറിയ നാല് ബാറ്ററിയിൽ പോലും പ്രവർത്തിപ്പിക്കാനാകുന്ന ഒരു മൈക്രോഫോണും, ആന്റിനയും അടങ്ങുന്നതാണ് ഹാം റേഡിയോ . 2011 മുതൽ മുഴുവൻ സമയ ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് ശ്രീമുരുഗൻ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും കൂടിയായിരുന്നു. കാരുണ്യ പുത്തൻപീടിക എന്ന ജീവകാരുണ്യ കൂട്ടായ്മയുടെ പെയിൻ ആൻഡ് പാലിയേറ്റിവ് സന്നദ്ധ സംഘടനയുടെ സ്ഥാപകരിൽ ഒരാളും ,വീടു വീടാന്തരം കിടപ്പു രോഗികൾക്ക് ആശ്വാസമെത്തിക്കാനും ശ്രീമുരുഗൻ മുന്നിലാണ്. അന്തിക്കാട് പൗരാവലിയും, മൈത്രി വിംഗുമാണ് ഇന്ന് അന്തിക്കാട് കെ.ജി.എം സ്‌കൂളിൽ വച്ച് ശ്രീമുരുഗന് ജന്മനാടിന്റെ ആദരവ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ, അഡ്വ. രഘുരാമ പണിക്കർ, സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് തുടങ്ങിയവർ പങ്കെടുക്കും.