kudumbasree
കടപ്പുറം തൊട്ടാപ്പിൽ ആദ്യ വീടിന്റെ നിർമ്മാണ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ നിർവഹിക്കുന്നു.

ചാവക്കാട്: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടവർക്കായി കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ഭവന നിർമ്മാണ പദ്ധതി ആരംഭിച്ചു. കടപ്പുറം തൊട്ടാപ്പിൽ ആദ്യ വീടിന്റെ നിർമ്മാണ ഉദ്ഘാടനം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷയായി.

ലൈഫ് ഭവന പദ്ധതിയിൽ ഇരുനൂറ്റി പന്ത്രണ്ട് വീടുകളാണ് ഉള്ളത്. പദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഭവന നിർമ്മാണത്തിന്ന് നൽകുന്നത്. ഈ തുക കൊണ്ട് നാനൂറ്റി ഇരുപത് സ്ക്വയർ ഫീറ്റ് വീടാണ് നിർമ്മിക്കേണ്ടത്. എന്നാൽ ഈ തുക കൊണ്ട് പണി പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് കുടുംബശീ അയൽക്കൂട്ടങ്ങളിലെ താൽപ്പര്യമുള്ള വനിതകളെ ഉൾപ്പെടുത്തി നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇവർക്ക് മികച്ച എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗവ.എൻജിനീയർമാരാണ് മേൽനോട്ടം വഹിക്കുന്നത്. ഇതു മൂലം ഒട്ടേറെ വനിതകൾക്ക് തൊഴിൽ ലഭിക്കും.

നാല് ലക്ഷം രൂപക്ക് 45 ദിവസത്തിനുള്ളിൽ വീടിന്റെ മുഴുവൻ പണിയും പൂർത്തിയാക്കി താക്കോൽ വീട്ടുടമക്ക് നൽകുക എന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി പ്രകാരം മിതമായ കൂലിയിൽ മികച്ച സേവനം നൽകുന്നതോടെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. പദ്ധതിയിലേക്ക് ഒട്ടേറെ കുടുംബശ്രീ വനിതകൾ പുതുതായി കടന്നു വരുന്നുണ്ട്. ലൈഫ് ഭവനങ്ങൾ കൂടാതെ അംഗൻവാടികൾ, മറ്റ് സർക്കാർ, സ്വകാര്യ നിർമ്മാണ പ്രവർത്തനങ്ങളും കുടുംബശ്രീ നിർമ്മാണ യൂണിറ്റ് ഏറ്റെടുത്ത് നടത്തും എന്ന് പി.കെ. ബഷീർ അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മനാഫ്, മെമ്പർമാരായ ഷൈല മുഹമ്മദ്, എം.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, പി.എ. അഷ്ക്കറലി, പ്രൊജക്റ്റ് ഓഫീസർ വി.കെ. രേണുക, കുടുംബശ്രീ ചെയർപേഴ്സൻ ഖൈറുന്നിസ അലി തുടങ്ങിയവർ സംസാരിച്ചു.