തൃശൂർ: തലയെടുപ്പിലും ആരാധക വൃന്ദങ്ങളിലും മുമ്പനായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വില്ലൻ പരിവേഷം ഏറെ പ്രസിദ്ധം. കൊലയാളി രാമചന്ദ്രൻ എന്ന വിശേഷണം തേടിയെത്തിയപ്പോൾ നിരവധിതവണ ചങ്ങലക്കൂട്ടിൽ നിൽക്കേണ്ടി വന്നു. ഗുരുവായൂരിൽ ഇന്നലെ എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞോടി രണ്ടാളുടെ മരണത്തിനും നിരവധി പേരുടെ പരിക്കിനും ഉത്തരവാദിയായതോടെ രാമചന്ദ്രന് കൂച്ചുവിലങ്ങ് വീണേക്കും.
രാമചന്ദ്രന്റെ കലിയിൽ പിടഞ്ഞുവീണ് മരിച്ചത് പാപ്പാൻമാരും സ്ത്രീകളും കുട്ടികളും അടക്കം 13 പേർ. ബീഹാറിൽ നിന്ന് 1984ൽ കേരളത്തിൽ എത്തിയ തെച്ചിക്കോട്ടുകാവ് തലയെടുപ്പിലും ചന്തത്തിലും ഉയരക്കാരിലും നാട്ടാനകളിലെ മുൻനിരക്കാരനാണ്, അന്നും ഇന്നും. ആനകളെ പ്രതിദിനം വെറ്ററിനറി സർജൻ പരിശോധിക്കണമെന്നും എഴുന്നെള്ളിപ്പുകൾക്ക് മുമ്പ് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി കളക്ടറിൽ നിന്നും അനുമതി വാങ്ങണമെന്നും വനംവകുപ്പ് ചട്ടം കർശനമാക്കിയിരുന്നു.
എന്നാൽ ഇന്നലെ എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് പരിശോധന നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് ചീഫ് സെക്രട്ടറിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി അയച്ചു. രണ്ടാളുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തിൽ തുടർന്നുള്ള എഴുന്നെള്ളിപ്പുകൾ വിലക്കണമെന്നും പരാതിയിലുണ്ട്. നാളെയാണ് രാമചന്ദ്രനെ നടയിരുത്തിയ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ വേല.
വില്ലനായി അഴകിന്റെ തമ്പുരാൻ
2013 ജനുവരിയിൽ പെരുമ്പാവൂരിലെ കുറുപ്പംപ്പടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ് ആക്രമണത്തിൽ മൂന്ന് സ്ത്രീകളാണ് മരിച്ചത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഒരു സ്ത്രീയെയും മറ്റൊരു സ്ഥലത്ത് ഒരു വിദ്യാർത്ഥിയെയും കൊന്നിട്ടുണ്ട്. മണ്ണുത്തിക്ക് സമീപം ഇടഞ്ഞോടി വീടിന്റെ ടെറസിന് മുകളിൽ കയറിയ ചരിത്രവുമുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്റെ ചന്ദ്രശേഖരനെയും മന്ദലാംകുന്ന് കർണനെയും കുത്തിയ കേസും നിലവിലുണ്ട്.
കൊല്ലാനും ശ്രമം
2015ൽ ചോറിൽ ബ്‌ളേഡ് കഷണങ്ങളാക്കിയിട്ട് രാമചന്ദ്രനെ അപായപ്പെടുത്താനും ശ്രമം നടന്നിരുന്നു. ഈ കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആരോപണ വിധേയനായ ഒന്നാം പാപ്പാൻ ഷിബു താൻ നിരപരാധിയാണെന്ന് അവർത്തിച്ച് വിഷം കഴിച്ച് മരിക്കുകയായിരുന്നു. കാഴ്ചക്കുറവും അനുസരണക്കേടും ഇടയ്ക്കിടെ നിയമനടപടികളും വിലക്കുകളും നേരിടുമ്പോഴും വിദേശത്തടക്കം ഫാൻസ് അസോസിയേഷനുള്ള സൂപ്പർ സ്റ്റാറാണ് രാമചന്ദ്രൻ. തൃശൂർ പൂരത്തിന്റെ വിളംബരമായി അറിയപ്പെടുന്ന തെക്കെ ഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ പൂരത്തോളം ജനകീയമാക്കിയത് രാമചന്ദ്രന്റെ വരവോടെയാണ്.
ഓടാൻ കാരണം അശ്രദ്ധ
രാമചന്ദ്രൻ ഇന്നലെ ഓടാൻ കാരണം മദപ്പാടല്ല, ഉത്സവത്തിനെത്തിച്ച ആനയെ തളച്ചിരുന്ന വീട്ടിലെ ഗൃഹപ്രവേശ ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് പരിഭ്രമിച്ചതാണത്രെ.
ശ്രദ്ധ വേണം
പ്രകോപനമുണ്ടാക്കുന്ന തരത്തിൽ യാതൊരു തലത്തിലുള്ള ഇടപെടലുകളും പാടില്ല
പാപ്പൻമാർ നോക്കേണ്ടത് ആനയുടെ സുരക്ഷയാണ്
നിർദ്ദേശങ്ങൾ പാലിക്കാതെ ആരാധകരുടെ താളത്തിനനുസരിച്ച് തുള്ളരുത്
കൃത്യമായ ഭക്ഷണം നൽകണം
തുടർച്ചയായ എഴുന്നള്ളിപ്പും യാത്രയും ഒഴിവാക്കണം
ആനക്കരികിൽ പൊതുജനം നിൽക്കുന്നതിന് കൃത്യമായ അകലം പാലിക്കണം
(ഡോ.ഗിരി, ആന ചികിത്സ വിദഗ്ധൻ)