തൃശൂർ: പ്രളയശേഷമുണ്ടായ മഞ്ഞും ചൂടും ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനവും മാലിന്യപ്രശ്‌നങ്ങളും മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൊതുകുകൾ പെരുകാനുള്ള സാഹചര്യമുണ്ടാക്കിയെന്ന് ആശങ്ക ഉയരുന്നു. ഇത് സംബന്ധിച്ച ആധികാരിക പഠനങ്ങൾ നടക്കുന്നില്ലെങ്കിലും കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. കണ്ണുകളിൽ വിരകൾ വളർന്ന് കണ്ണ് ചുവന്ന് വീർക്കുന്ന ഡോഗ് ഫൈലേറിയാസിസ് മുതൽ വിവിധതരം പനികൾക്ക് വരെ കാരണമാകുന്ന കൊതുകുകളെ തുരത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കോർപറേഷനിലും, മുനിസിപ്പാലിറ്റികളിലുമായി ആകെ എഴുപത് അംഗൻവാടികൾക്ക് ഗപ്പി മത്സ്യങ്ങളും ഫിഷ് ടാങ്കും നൽകിയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം തുടങ്ങിയത്. ഇതിന്റെ മുന്നോടിയായി ആദ്യ ഘട്ടത്തിൽ അംഗൻവാടി വർക്കർമാർക്ക് ബോധവത്കരണ പരിശീലനം നൽകി. ടാങ്കിന്റെ കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ക്യൂലക്‌സ് കൊതുകാണ് മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്ക് കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ എന്നീ രോഗങ്ങൾ പരത്തും. അനോഫിലിസ് കൊതുകാണ് മലമ്പനിയുടെ രോഗവാഹി. മാൻസോണി എന്ന വലിപ്പമുള്ള കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. ഡെങ്കിപ്പനി ഒരിക്കൽ വന്നവർക്ക് രണ്ടാമത്തെ തവണ അസുഖം പിടിപെടുമ്പോൾ അസുഖം കൂടുതൽ ഗുരുതരമാകാൻ സാദ്ധ്യത ഏറെയാണ്. അത്തരക്കാർ കൂടുതൽ ജാഗരൂകരായിരിക്കണം. വേനലിൽ വെള്ളം കരുതിവയ്ക്കുന്ന പാത്രങ്ങളിലും സ്ഥലങ്ങളിലും കൊതുക് പെരുകുന്നതോടെ ഡെങ്കിപ്പനി പടർന്നുപിടിക്കാനും ഇടയുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 15 ഡെങ്കിപ്പനി ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തെരുവ് നായ്ക്കളെ കടിക്കുന്ന കൊതുകിൽ നിന്ന് മനുഷ്യരക്തത്തിലേക്ക് ഇൻജക്ട് ചെയ്യപ്പെടുന്ന ഫൈലേറിയൻ വേംസാണ് ഡോഗ് ഫൈലേറിയാസിസ് രോഗമുണ്ടാക്കുന്നത്.
തുരത്താൻ :
മാലിന്യം വലിച്ചെറിയുക, വെള്ളം കെട്ടിക്കിടക്കുക അടക്കം ശീലങ്ങൾ മാറ്റിയാൽ മാത്രമേ കൊതുകിനെ തുരത്താനാകൂ. പരിസര ശുചിത്വം കാത്തുസൂക്ഷിക്കണം. പരിസര ശുചീകരണത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും ആരോഗ്യം ഉറപ്പാക്കണം. രോഗാണു വാഹകരായ നാലിനം കൊതുകുകൾ ഉണ്ട്: ക്യൂലക്‌സ്, എയ്ഡിസ്, അനോഫിലസ്, മാൻസോണി എന്നിവ. ക്യൂലക്‌സ് ആണ് ഏറ്റവും കൂടുതൽ. ഇവ അഴുക്കുവെള്ളത്തിലാണ് പെരുകുന്നത്. മലിനജലം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം അവയ്ക്ക് പെരുകാനുള്ള വഴിയൊരുക്കും.
കൊതുക് നശീകരണപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുണ്ട്. ഡോഗ് ഫൈലേറിയാസിസ് പകർച്ചവ്യാധിയല്ല. മറ്റൊരാളിലേക്ക് പകരില്ല. എത്ര പേർക്ക് ഈ രോഗം ജില്ലയിൽ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ ലഭ്യമല്ല. കണ്ണിലെ കോർണിയയുടെ വശങ്ങളിലാണെങ്കിൽ രോഗം ഗുരുതരമാകാം.
ഡോ.കെ.ജെ. റീന (ഡി.എം.ഒ.)
പകർച്ച വ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത എഴുപത് അംഗൻവാടി വർക്കർമാർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഗപ്പി മത്സ്യങ്ങൾ, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തിരുന്നു. കീടനാശിനിയുടെ ഉപയോഗം പരമാവധി കുറച്ച് ജൈവിക പ്രാണി നിയന്ത്രണ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മത്സ്യങ്ങൾ, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തത്. അംഗൻവാടികളിലൂടെ കുട്ടികളെ ബോധവത്കരിച്ച് ചെറിയ പ്രായത്തിൽ തന്നെ കൊതുക് നിയന്ത്രണത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഡോ. ടി.വി. സതീശൻ (ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം)....