im-vijayan-election
im vijayan election

തൃശൂർ: ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും രാഷ്ട്രീയക്കാരനാകാൻ താത്പര്യമില്ലെന്നും മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് പലതവണ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി അറിയപ്പെടാൻ താത്പര്യമില്ലെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. ഫുട്‌ബാളും ജോലിയും സിനിമാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.

തുടർച്ചയായി സി.പി.എം വിജയിക്കുന്ന ആലത്തൂരിൽ ഫുട്‌ബാൾ താരമെന്ന നിലയിൽ വിജയനുള്ള ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ് നേതാക്കൾ. കെ. കരുണാകരനുമായി വിജയന് ഉണ്ടായിരുന്ന അടുപ്പവും ചർച്ചയായിരുന്നു. 2009ൽ ഒറ്റപ്പാലം മാറി ആലത്തൂർ മണ്ഡലം രൂപീകരിച്ച ശേഷം പി.കെ. ബിജുവാണ് ആലത്തൂരിൽ രണ്ടുതവണ വിജയിച്ചത്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ശേഷം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ രാഷ്ട്രീയത്തിന് അതീതമായ പ്രതിച്ഛായയുള്ള സ്ഥാനാർത്ഥിയെ കോൺഗ്രസ് തേടുന്നുണ്ട്.