തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'തൃശൂർ പാർലമെന്റ് സീറ്റിൽ വരത്തനും വയസനും വേണ്ടെന്ന് ' അച്ചടിച്ച 'സേവ് കോൺഗ്രസ് ഐ' യുടെ പേരിലുള്ള പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ തന്നെ പോസ്റ്ററുകൾ കീറിക്കളഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂരിനു പുറത്തുള്ളവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ വിമർശനമുണ്ടായിരുന്നു.
സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടി നേതൃത്വത്തെയും അസ്വസ്ഥമാക്കി. കഴിഞ്ഞ തവണ കെ.പി. ധനപാലൻ, സി.എൻ. ജയദേവനോട് മത്സരിച്ച് തോറ്റിരുന്നു. ഗ്രൂപ്പുകളുടെ തമ്മിലടിയും ജില്ലയ്ക്ക് പുറത്തുളള സ്ഥാനാർത്ഥികളോടുള്ള എതിർപ്പുമാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നായിരുന്നു വിലയിരുത്തൽ. മുൻ എം.പി. പി.സി. ചാക്കോ, കെ.പി. ധനപാലൻ, ടി.എൻ. പ്രതാപൻ, വി.എം. സുധീരൻ തുടങ്ങിയവരാണ് ഇക്കുറി തൃശൂരിലും ചാലക്കുടിയിലും മത്സരിക്കാൻ സാദ്ധ്യതയെന്നാണ് അഭ്യൂഹം.