തൃശൂർ: ഡൽഹി, ബംഗളൂരു , മുംബയ് മുതലായ മഹാനഗരങ്ങൾ കേന്ദ്രമാക്കി രാജ്യത്തെ പലയിടങ്ങളിലെയും എ.ടി.എം നമ്പറുകൾ തട്ടിയെടുത്ത നൈജീരിയൻ സംഘവും കൂട്ടാളികളും ഓൺലൈൻ വിപണി വഴിയും വൻ തട്ടിപ്പ് നടത്തി. ബാങ്ക് അക്കൗണ്ട് നമ്പറുകൾ കണ്ടെത്തി കോടിക്കണക്കിന് രൂപയുടെ സാമഗ്രികളാണ് വ്യാജ വിലാസത്തിൽ സ്വന്തമാക്കിയതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ നൈജീരിയൻ സംഘത്തിന്റെ കൂട്ടാളികൾ പിടിയിലായാൽ തട്ടിപ്പുകളുടെ ചിത്രം കൂടുതൽ വ്യക്തമാകും. അക്കൗണ്ട് ഉടമയുടെ മൊബൈൽ ഫോൺ നമ്പർ നീക്കം ചെയ്താണ് ഇവരുടെ 'ഓപറേഷന്റെ' തുടക്കം. അതോടെ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളൊന്നും മെസേജുകളായി ലഭിക്കില്ല. ഓൺലൈൻ വിപണി വഴി വൻവിലയുടെ സാധനങ്ങൾ ഓർഡർ ചെയ്യും. ഏതെങ്കിലും ഒരു വിലാസം നൽകി സാധനങ്ങൾ അവിടെ നിന്ന് കൈപ്പറ്റും.
അതുകൊണ്ടു തന്നെ ആർക്കും പിടികൂടാനും കഴിയില്ല. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ വാക്ചാതുരിയോടെ സംസാരിച്ചും ആദായനികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞും ഒ.ടി.പി. നമ്പറും മറ്റും തട്ടിയെടുക്കാനും മിടുക്കരാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലും അഭിഭാഷകർ അടക്കം ഇത്തരം കെണികളിൽ പെട്ടതായാണ് വിവരം. ജാർഖണ്ഡ് കേന്ദ്രീകരിച്ചും ഇവർ താവളം ഒരുക്കിയിട്ടുണ്ട്. ബംഗ്ളാദേശിലേക്ക് കടക്കാൻ എളുപ്പമുള്ളതിനാലാണിത്. ജാർഖണ്ഡ് പൊലീസ് ഇത്തരം ക്രിമിനലുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ജാർഖണ്ഡിലും മറ്റും പോയി കേസന്വേഷണം നടത്താൻ പൊലീസിനും പരിമിതികളേറെയുണ്ട്.
കുടുങ്ങാതിരിക്കാൻ
എ.ടി.എം., ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തിരക്കി ബാങ്കിൽ നിന്നോ മറ്റോ ഫോൺ വിളികൾ വരില്ല. ഇത്തരം വിവരങ്ങൾ ആർക്കും നൽകരുത്. ബാലൻസ് ഇടയ്ക്കിടെ പരിശോധിക്കണം. പണം നഷ്ടമായാൽ രണ്ടു മണിക്കൂറിനുള്ളിൽ ബാങ്കിലും പൊലീസിലും അറിയിക്കുക. അതുവഴി ഇടപാടുകൾ തടയാൻ കഴിയും.
തൊഴിലാളികളും ഇരകൾ
പാവപ്പെട്ട തൊഴിലാളികളായ ഇന്ത്യൻ പൗരന്മാരെ കൊണ്ട് പ്രമുഖ ബാങ്കുകളിൽ തട്ടിപ്പിനായി ഇത്തരം സംഘങ്ങൾ അക്കൗണ്ട് തുടങ്ങിപ്പിക്കും. അക്കൗണ്ടുകളുടെ എ.ടി.എം കാർഡും പിൻ നമ്പറും, പാസ് ബുക്കും, മറ്റും ഇവർ പണം നൽകി അക്കൗണ്ട് ഉടമകളിൽ നിന്നും വാങ്ങും. അതിന് ശേഷം ടീമിലെ കമ്പ്യൂട്ടർ വിദഗ്ദ്ധൻ മുഖ്യധാരാ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ ഓൺലൈൻ ട്രാൻസാക് ഷൻ വിശദാംശങ്ങൾ ഹാക്ക് ചെയ്യും.
പിന്നീട് അക്കൗണ്ട് ഉടമകൾ അയച്ചതെന്ന വ്യാജേന ബാങ്കുകളിലേയ്ക്ക് ഇ – മെയിൽ അയച്ച് മുമ്പ് സൂചിപ്പിച്ച അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശിക്കും. ഇതിനായി അക്കൗണ്ട് ഉടമ ഉപയോഗിച്ചിരുന്ന മെയിൽ ഐ.ഡിയോ അല്ലെങ്കിൽ മെയിൽ ഐ.ഡി ചെറിയ മാറ്റം വരുത്തി ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ സാധിക്കാത്ത വിധം മെയിൽ അയക്കും. ഇങ്ങനെ ട്രാൻസ്ഫർ ചെയ്ത് കിട്ടുന്ന പണം ഉടൻ തന്നെ ചെറിയ തുകകളായി വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് നെറ്റ് വഴി ട്രാൻസ്ഫർ ചെയ്യുകയും നിമിഷങ്ങൾക്കകം എ.ടി.എം. കാർഡ് വഴി പിൻവലിക്കുകയും ചെയ്യും.
എ.ടി.എം വഴി പണം പിൻവലിക്കുന്നതിന് പല ആളുകളെയും ഉപയോഗിക്കും. എ.ടി.എം. വഴി പണം പിൻവലിക്കുന്നവർക്കും പണം കൊടുക്കാറുണ്ട്. ഇത്തരം തട്ടിപ്പ് നടത്തുന്നവർ ഒരിയ്ക്കലും അവരുടെ പേരോ ഫോൺ നമ്പറോ വിലാസമോ എവിടെയും വെളിപ്പടുത്താറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും പൊലീസിന് ഇവരിലേയ്ക്ക് എത്തിപ്പെടുവാൻ സാധിക്കാറില്ല.