തൃശൂർ: 24 മണിക്കൂറും വാഹന പരിശോധന നടത്തുകയെന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന സേഫ് കേരള പദ്ധതിക്ക് ജില്ലയിൽ വേണ്ടത്ര ജീവനക്കാരില്ല. എം.വി.ഐ, എ.എം.വി.ഐ വിഭാഗങ്ങളിലായി സംസ്ഥാനത്ത് നിയമനം ലഭിച്ച 240 പേർ ഈ മാസത്തോടെ പരിശീലനം പൂർത്തിയാക്കും. ഒരു എം.വി.ഐ, മൂന്ന് എ.എം.വി.ഐമാർ ഉൾപ്പെടുന്ന നാലു സ്‌ക്വാഡിനെയാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതിനു പുറമെ പുതുതായി ഒരു ജോയിന്റ് ആർ.ടി.ഒയെയും ഒരു ആർ.ടി.ഒയെയും (എൻഫോഴ്‌സ്‌മെന്റ്) ജില്ലയ്ക്ക് അധികമായി ലഭിക്കും.
മാർച്ച് ആദ്യവാരത്തോടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ 24 മണിക്കൂർ വാഹന പരിശോധന പൂർണതോതിൽ തുടങ്ങുമെങ്കിലും തുടർജോലി ചെയ്യാൻ ഓഫീസുകളിൽ ഇതുവരെ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇപ്പോൾ തന്നെ വൈകിട്ട് ഏറെ വൈകിയും അവധി ദിനങ്ങളിലും ജോലി ചെയ്താണ് കെട്ടിക്കിടക്കുന്ന ഫയലുകൾ ജീവനക്കാർ തീർപ്പാക്കുന്നത്. സേഫ് കേരള പദ്ധതിയോടെ ഫയലുകളുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവുണ്ടാകുമെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. ലൈസൻസ്, ആർ.സി. ബുക്ക് എന്നിവ തയ്യാറാക്കലും ഇതോടെ അവതാളത്തിലാകും. സേഫ് കേരള പദ്ധതിയിൽ ആവശ്യമായ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഗൗരവത്തിലെടുത്തില്ലെന്നാണ് യൂണിയൻ നേതാക്കളുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ മാസം നിയമനം നടത്തിയില്ലെങ്കിൽ നീണ്ടുപോകാനും സാദ്ധ്യതയുണ്ട്.
നിലവിലെ സംവിധാനം അപര്യാപ്തം
ജില്ലയിൽ വാഹന പരിശോധന മുറയ്ക്ക് നടക്കുമ്പോൾ, വാഹനപരിശോധകരുടെ തുടർജോലിക്ക് ഇപ്പോൾ തന്നെ ആവശ്യമായത്ര ജീവനക്കാരില്ല. സേഫ് കേരള പദ്ധതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ വളരെ ചുരുക്കം വാഹന ഉടമകൾ മാത്രമേ അപ്പോൾ തന്നെ പിഴയടയ്ക്കൂ. ബാക്കിയുള്ളവരിൽ നിന്ന് പിഴയീടാക്കണമെങ്കിൽ ചെക് റിപ്പോർട്ടുകൾ, ചാർജ് മെമ്മോ, കാരണം കാണിക്കൽ നോട്ടീസ്, സസ്‌പെൻഷൻ തുടങ്ങിയ നടപടികളിലേക്ക് നീങ്ങണം. ഈ ജോലികൾ ചെയ്യാനുള്ള സീനിയർ സൂപ്രണ്ട്, ഹെഡ് അക്കൗണ്ടന്റ്, ക്ലാർക്ക് തുടങ്ങിയ മിനിസ്റ്റീരിയൽ വിഭാഗത്തെ നിയമിക്കണം.
സ്റ്റാഫ് പാറ്റേൺ പഴയത്
പത്തുവർഷം മുമ്പ് ജില്ലയിൽ ഒരു ദിവസം ആകെ രജിസ്റ്റർ ചെയ്തിരുന്ന പുതിയ വാഹനങ്ങളുടെ എണ്ണം നൂറിൽ താഴെയായിരുന്നു . ഇന്ന് തൃശൂർ ഓഫീസിൽ മാത്രം നൂറിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. സ്റ്റാഫ് പാറ്റേൺ പഴയതുപോലെ തന്നെ. തൃശൂർ റീജ്യണൽ ഓഫീസിൽ മാത്രം ദിവസേന 80 ഓളം ലൈസൻസ് തയ്യാറാക്കണം. ഒരു ജീവനക്കാരൻ കൂടുതൽ ജോലി ചെയ്താലും പരമാവധി 35 ലൈസൻസ് മാത്രമേ തയ്യാറാക്കാനാകൂ.