nithish-bharadhwaj-

ഗുരുവായൂർ: കണ്ണനു മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പിനിന്ന 'മഹാഭാരത'ത്തിലെ കണ്ണനെക്കണ്ട് ശ്രീകൃഷ്ണഭക്തർ വിസ്മയപുളകിതരായി. മഹാഭാരതം സീരിയലിലൂടെ പ്രസിദ്ധനായ നടൻ നിധീഷ് ഭരദ്വാജ്‌ ഇന്നലെ രാവിലെ പത്തരയോടെയാണ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സോപാനപ്പടിയിൽ കാണിക്ക അർപ്പിച്ചശേഷം,​ പ്രാർത്ഥിച്ച് കൈകൂപ്പി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ശ്രീകൃഷ്ണനായി വേഷമിട്ടതിനുശേഷമാണ് തനിക്ക് ഉയർച്ചയുണ്ടായതെന്നും അതാണ് കണ്ണുനിറയാൻ കാരണമായതെന്നും അദ്ദേഹം കൂടെയുണ്ടായിരുന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിറിനോട് പറഞ്ഞു.

32 വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയശേഷമാണ്‌ ശ്രീകൃഷ്ണനായി വേഷമിടാൻ അവസരം ലഭിച്ചത്. പിന്നീട് ഇതുവരെയും ഗുരുവായൂരിലെത്തി കണ്ണനെ തൊഴാനായില്ല. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുശേഷം പെരുന്തട്ട ശിവക്ഷേത്രത്തിലും ദർശനം നടത്തി. അവിടെ നടന്നുവരുന്ന അതിരുദ്ര മഹായജ്ഞത്തിൽ പങ്കെടുക്കാനെത്തിയ നിരവധി ഭക്തർ സീരിയലിലെ കണ്ണനെ നേരിൽക്കണ്ടപ്പോൾ മുന്നിൽവീണ് നമസ്‌കരിച്ചു. ക്ഷേത്രദർശന ശേഷം തന്ത്രി മഠത്തിലെത്തി ഉച്ചഭക്ഷണവും കഴിച്ചാണ് നിധീഷ് മടങ്ങിയത്. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സി. നിവേദിത ക്ഷേത്രദർശനത്തിന് അദ്ദേഹത്തെ അനുഗമിച്ചു.

മലയാളികളുടെ സ്വന്തം ഗന്ധർവൻ

23-ാം വയസിലാണ് നിധീഷ് "മഹാഭാരതം" ടി.വി പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷം ഇട്ടത്. പിന്നീട് പത്മരാജന്റെ "ഞാൻ ഗന്ധർവൻ" എന്ന സിനിമയിൽ അഭിനയിച്ചു. ഇതോടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനായി. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നു ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു.