തൃശൂർ: ലോകമെമ്പാടുമുള്ള ഭക്തരിൽ അധികവും സ്ത്രീകളാണെന്നും ഒരു ദൈവവും സ്ത്രീകളെ അകറ്റിനിറുത്തില്ലെന്നും ഡോ.എസ്. ശാരദക്കുട്ടി പറഞ്ഞു. കേരള സാഹിത്യ അക്കാഡമി ദേശീയ പുസ്തകോത്സവത്തിന്റെയും എഴുത്തരങ്ങ് സാംസ്കാരികോത്സവത്തിന്റെയും ഭാഗമായി എഴുത്ത്, ആത്മാഭിമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
കനകദുർഗ ശബരിമലയിൽ എത്തിയതിനേക്കാൾ വലിയ നേട്ടമായി കാണുന്നത് സ്വന്തം വീട്ടിൽ കോടതി വിധിയിലൂടെ അവർ കയറി എന്നതാണ്. ആരാധനാ സ്വാതന്ത്ര്യം ഉൾപ്പെടെ വിശ്വാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വിശ്വാസികളും അവിശ്വാസികളും ഒറ്റക്കെട്ടായി നിന്ന് പോരാടിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. വിശ്വാസികൾക്കായി പലപ്പോഴും സമരം നയിച്ചത് അവിശ്വാസികളായിരുന്നുവെന്ന് മറക്കരുത്.
വിശ്വാസികളും അവിശ്വാസികളും ചേർന്ന് നിന്നപ്പോഴാണ് പല അവകാശങ്ങളും വിശ്വാസികൾക്ക് നേടിയെടുക്കാനായത്. കാലങ്ങളായി അനുഭവിച്ചുപോരുന്ന അടിമത്തത്തെ മറികടക്കാൻ സാധിച്ചാലേ സ്ത്രീകൾക്ക് ഇനിയും മുന്നേറാനാകൂ. ഇതിന് പലപ്പോഴും അതിക്രമങ്ങൾ തന്നെ വേണ്ടിവരുമെന്നും അവർ പറഞ്ഞു. വായനയുടെ ജനാധിപത്യം എന്ന വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. മറാഠി ചലച്ചിത്രസംവിധായകൻ ആദിത്യ സുഹാസ് ജംബലെ മുഖ്യാതിഥിയായി. അക്കാഡമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ, എ.എച്ച്. സിറാജുദ്ദീൻ എന്നിവരും പ്രസംഗിച്ചു...