പാവറട്ടി: ഉയരത്തിൽ കേരളത്തിലെ തലപ്പൊക്കമുള്ള വ്യക്തികളിൽ ഒരാൾ ! ഏഴ് അടി ഒരിഞ്ച് പൊക്കം. പാവറട്ടി പണിക്കവീട്ടിൽ കോടേപറമ്പിൽ മുഹമ്മദ്-നബീസ ദമ്പതികളുടെ മകൻ പുതുമനശ്ശേരി കമറുദ്ദീന് (54) പക്ഷേ ശാരീരിക - സാമ്പത്തിക അവസ്ഥകളാൽ നിവർന്ന് നിൽക്കാൻ പോലുമാകാത്ത അവസ്ഥയാണ് ഇപ്പോൾ. ഹൃദയസംബന്ധമായ അസുഖങ്ങൾ വല്ലാതെ അലട്ടുന്നു. 22ഓളം സിനിമകളിൽ അഭിനയിച്ചെങ്കിലും അഞ്ചു സെന്റ് ഭൂമിയും ഓടും ഷീറ്റും മേഞ്ഞ ഒരു വീടുമാണ് ആകെയുള്ളത്. വീടാണെങ്കിൽ മഴ പെയ്താൽ ചോരും. മൂന്ന് മാസമായി തൃശൂർ അമല ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇദ്ദേഹം. മരുന്നിനും ഇൻജക്‌ഷനുമായി പ്രതിദിനം മൂവായിരത്തോളം രൂപ ചെലവ് വരും. വീടിന്റെ അറ്റകുറ്റപണികൾക്കായി രണ്ടു ലക്ഷം രൂപ പാവറട്ടി സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തത് പ്രതിമാസം 5,000 രൂപ വച്ച് അടയ്ക്കണം. ഭാര്യയും ബികോമും പ്ളസ്ടുവും കഴിഞ്ഞ രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം കഴിയണം. ചികിത്സയ്ക്കുള്ള മരുന്ന് വാങ്ങണം. പാവറട്ടി ത്രീ സ്റ്റാർ മില്ലിനു മുൻവശത്ത് കുറെക്കാലം തട്ടുകട നടത്തിയിരുന്നു. കുറെക്കാലം സെക്യൂരിറ്റി ജോലി നോക്കി. ഇപ്പോൾ ഒരു ജോലിക്കും അസുഖം മൂലം പോവാനാകുന്നില്ല. മുഴുവൻ സമയവും വീട്ടിൽ വിശ്രമത്തിലാണ്. ആരുടെ മുമ്പിലും പണം യാചിച്ച് കൈ നീട്ടാൻ മനസുവരാത്ത ഈ കലാകാരൻ ജീവിക്കാനായി ഇപ്പോൾ പ്രയാസപ്പെടുകയാണ്.
ചാലക്കുടിയിലെ ഷിബു തുമ്പൂരിന്റെ നേതൃത്വത്തിലുള്ള ടോൾമെൻ ഗ്രൂപ്പിന്റെ സഹായം ഇടയ്ക്ക് ലഭിക്കുന്നുണ്ട്. പാവറട്ടിയിലെ ചില നല്ല വ്യക്തികളും സംഘടനകളും സഹായിച്ചു. കടം വീട്ടി, രണ്ട് പെൺമക്കളുടെ വിവാഹവും ചികിത്സയ്ക്കായുള്ള പണവും കണ്ടെത്തുകയെന്ന് ഇപ്പോൾ കമറുദ്ദീന് സ്വപ്നസമാനമായ കാര്യമാണ്. ചിലപ്പോൾ ഇതെല്ലാം ഓർത്ത് വിഷമിക്കും. ഈ സങ്കടങ്ങളും വിഷമങ്ങളും തീർക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പി. എം. കമറുദ്ദീൻ. കനറ ബാങ്ക് , പാവറട്ടി ബ്രാഞ്ച്; A/C. No:1461101017215. IFSC Code : CNRB000 1461 എന്ന അക്കൗണ്ടിൽ സുമനസുകളുടെ കൈയയച്ച സഹായവും പ്രതീക്ഷിച്ച് ഇരിക്കുകയാണ് അദ്ദേഹം.
11 കൊല്ലം, 22 സിനിമയിൽ
1984ൽ മദ്രാസിലേക്ക് വണ്ടി കയറിയ കമറുദ്ദീൻ 11 വർഷക്കാലം അവിടെയുണ്ടായി. കമറുദ്ദീന്റെ ഉയരം കണ്ട് നടൻ കമലഹാസനാണ് തന്റെ 'ഉയർന്ത ഉള്ളം ' എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയത്. പിന്നീട് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പണക്കാരൻ, കെ.എസ് ഗോപാലകൃഷ്ണന്റെ കിരാതം തുടങ്ങി സിനിമകളിൽ അഭിനയിച്ചു. അവസാനമായി വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലും അഭിനയിച്ചു. എന്നിട്ടും ജീവിതം കരയ്ക്ക് അടുപ്പിക്കാനായില്ല.