തൃശൂർ: എൽ.പി, യു.പി അദ്ധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെടെറ്റുമായി ബന്ധപ്പെട്ട കേസിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ഇന്ന്. നാലു വർഷത്തിലധികമായി നടക്കുന്ന കേസിൽ സർക്കാർ കഴിഞ്ഞ മാസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഉദ്യോഗാർത്ഥികൾക്ക് അനുകൂല വിധിയുണ്ടായാൽ അടുത്ത അദ്ധ്യയന വർഷം നിയമനം ലഭിക്കുന്ന രീതിയിൽ ഉടൻ പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ചു തുടങ്ങും. മാർച്ചോടെ പ്രൈമറി സ്‌കൂളുകളിൽ മാത്രം ഏഴായിരത്തോളം അദ്ധ്യാപകരുടെ ഒഴിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവ് മലപ്പുറം ജില്ലയിലാണ്. രണ്ടുമാസം മുമ്പുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഒഴിവുകളുടെ എണ്ണം 6326 ആണ്.
2016 ഒക്ടോബറിലാണ് എൽ.പി.എസ്.എ, യു.പി.എസ്.എ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചത്. 2014ലെ വിജ്ഞാപനം അനുസരിച്ച് പുതിയ പട്ടിക തയ്യാറാക്കാനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഇതിനുശേഷം പൂർത്തിയായി. ജൂലായിൽ എല്ലാ ജില്ലകളിലും അഭിമുഖം നടത്തി. എൽ.പി വിഭാഗം റാങ്ക് പട്ടിക ആദ്യം പ്രസിദ്ധീകരിച്ച തൃശൂർ ജില്ലയിൽ തൊണ്ണൂറോളം നിയമനം നടന്നപ്പോഴാണ് കേസുമായി ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ വീണ്ടും രംഗത്തിറങ്ങിയത്.
കേസ് ഇങ്ങനെ
കേന്ദ്ര മാനദണ്ഡമനുസരിച്ച് സർക്കാർ അദ്ധ്യാപകരാകാൻ ടെറ്റ് യോഗ്യത വേണം. കേരളത്തിൽ കെടെറ്റ് നേടാൻ സർക്കാർ നിശ്ചയിച്ച അവസാന സമയം 2019 മാർച്ച് 31ആണ്. 2014ലെ പി.എസ്.സി.യുടെ വിജ്ഞാപനത്തിൽ കെടെറ്റ് യോഗ്യത ആവശ്യപ്പെട്ടിരുന്നില്ല. കെടെറ്റ് യോഗ്യതയുണ്ടായിരുന്ന ഉദ്യോഗാർത്ഥികളിൽ ചിലർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് പരീക്ഷ തടഞ്ഞു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി നിശ്ചയിച്ച സമയത്ത് പി.എസ്.സി പരീക്ഷ നടത്തി. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ട്രൈബ്യൂണലിന്റെ സ്റ്റേ ബാധകമായിരുന്നെങ്കിലും ഹൈക്കോടതി വിധി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി. കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയാണ് ട്രൈബ്യൂണൽ സർക്കാരിന്റെ ഭാഗം അറിയിക്കാൻ ആവശ്യപ്പെട്ടത്.
നീണ്ടുപോയാൽ
കേസിൽ ഉടൻ തീർപ്പുണ്ടായില്ലെങ്കിൽ ജൂണിൽ പുതിയ നിയമനം നടത്താനാകില്ല. പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ നടപടിക്രമങ്ങൾ വൈകും.
ഒഴിവുകളുടെ എണ്ണം
( വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞത്)
തിരുവനന്തപുരം: 600, കൊല്ലം: 574, പത്തനംതിട്ട: 264, ആലപ്പുഴ: 244, കോട്ടയം: 135, ഇടുക്കി: 175, എറണാകുളം: 294, തൃശ്ശൂർ: 293, പാലക്കാട്: 538, മലപ്പുറം: 1415, കോഴിക്കോട്: 510, വയനാട്: 264, കണ്ണൂർ: 313, കാസർകോട്: 737.