senkumar

തൃശൂർ: ഇന്റലിജന്റ്‌സ് മേധാവി ആയിരിക്കെ പൊലീസുകാർ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഫയൽ പൂഴ്ത്തിയെന്ന പരാതിയിൽ ടി.പി. സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. തൃശൂർ ഐ.ജിയുടെ മേൽനോട്ടത്തിൽ റൂറൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പൊലീസുകാരെക്കുറിച്ച് അന്ന് റിപ്പോർട്ട് നൽകിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനിൽ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തു. വാടാനപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരായ പരാതിയെക്കുറിച്ച് 2013ൽ നൽകിയ റിപ്പോർട്ട് ഫയൽ ആക്കാതെ പൂഴ്ത്തിയെന്നാണ് കേസ്. വാഹന പരിശോധനയ്ക്കിടയിൽ ബൈക്ക് യാത്രികരിൽ നിന്നു പിടിച്ചുവാങ്ങിയ മൊബൈൽ ഫോണുകളിലെ മെമ്മറി കാർഡുകളിൽ ഉണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഷോപ്പ് മുഖേന പകർത്തി സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയതും മൂന്ന് ബലാത്സംഗ കേസുകൾ പണം വാങ്ങി ഒതുക്കിയതും അടക്കമുള്ള പരാതികളെ കുറിച്ച് ഓഡിയോ, വീഡിയോ തെളിവുകളോടെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അയച്ചത്.

ഡിവൈ.എസ്.പി റാങ്കിലുള്ളവർക്ക് വരെ ഇക്കാര്യത്തിൽ പങ്കുള്ളതായും ഗൗരവമുള്ളവയെന്ന് സെൻകുമാർ തന്നെ പറഞ്ഞ ഫയലിൽ അന്വേഷണമുണ്ടായില്ലെന്നും പറയുന്നു. പൊലീസുകാരൻ വിദ്യാർത്ഥികൾക്ക് അശ്ലീല ചിത്രങ്ങൾ പകർത്തി നൽകുന്ന വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതരമായാണ് കാണുന്നത്. അന്ന് നടപടിയെടുക്കാതിരുന്നത് സംബന്ധിച്ച് മണലൂർ സ്വദേശിനി നൽകിയ പരാതിയിലാണ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറിന് നിർദേശം നൽകിയത്.