reeth
പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് താന്ന്യം മണ്ഡലം പ്രവർത്തകർ റീത്ത് സമർപ്പിക്കുന്നു.

പെരിങ്ങോട്ടുകര: മേഖലയിൽ മോഷണവും, സാമൂഹിക വിരുദ്ധ പ്രവർത്തനവും പെരുകുമ്പോഴും അന്തിക്കാട് പൊലീസ് സ്റ്റേഷൻ വിഭജിക്കാനുള്ള തീരുമാനം നടപ്പിലാക്കാത്തതിൽ പ്രതിക്ഷേധം ശക്തം. വിഷയത്തിൽ ഗീത ഗോപി എം.എൽ.എ അടക്കമുള്ളവർക്കെതിരെ യൂത്ത് കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി രാപ്പകൽ സമരം പോലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഗീത ഗോപി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് 2 നിലയിലുള്ള സ്റ്റേഷൻ കെട്ടിടവും ,ഫ്ലാറ്റ് മാതൃകയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സും നിർമ്മിക്കുന്നതിന് ജൂലായ് 14 ന് തറക്കല്ലിടുവാൻ നിശ്ചയിച്ചിരുന്നു. സംഘാടക സമിതി രൂപീകരിച്ചെങ്കിലും തറക്കല്ലിടൽ എട്ട് മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. സ്റ്റേഷൻ നിർമ്മാണം പ്രവൃത്തിയിൽ കൊണ്ടു വരാൻ ഗീത ഗോപി എം.എൽ. എയ്ക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി പെരിങ്ങോട്ടുകര നിർദിഷ്ട പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ഉള്ള ഔട്ട് പോസ്റ്റിലെത്തി റീത്ത് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആസാദ്, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ ,ഫാറൂക്ക് തളിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.