കാറ്റ് ശക്തം, തീപ്പിടിത്തങ്ങൾ കൂടി

തൃശൂർ: കടുത്ത വേനലിലും കനത്ത കാറ്റിലും തീപ്പിടിത്തങ്ങൾ കൂടുമ്പോൾ വേണ്ടത്ര അഗ്നിശമന വാഹനങ്ങളില്ലാതെ വെള്ളം കുടിക്കുകയാണ് തൃശൂരിലെ അഗ്‌നിശമനസേന.

രണ്ടുദിവസം മുമ്പ് ഒന്ന് തകരാറിലായതോടെ രണ്ട് വാഹനങ്ങൾ മാത്രമാണ് സേനയ്ക്കുള്ളത്. നഗരത്തിൽ നിന്ന് ദൂരെയുള്ള പ്രദേശങ്ങളിൽ ഒരേ സമയം രണ്ടിലേറെ തീപ്പിടിത്തങ്ങളുണ്ടാകുമ്പോൾ ഓടിയെത്താനാകാതെ നിസഹായാവസ്ഥയിലാണ് സേനാംഗങ്ങൾ.

പുല്ലിനും തെങ്ങിനും കൃഷിയിടങ്ങൾക്കും തീപ്പിടിക്കുന്ന സംഭവങ്ങളാണേറെയും. ജലാശയങ്ങളിൽ വീണവരെ രക്ഷിക്കാനും അപകട സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിനും അഗ്നിശമനസേന വേണം. ആധുനിക ഉപകരണങ്ങൾ അടങ്ങിയ ഒരു വാഹനമുണ്ടെങ്കിലും കൂടുതൽ വാഹനങ്ങൾ ലഭിച്ചാൽ മാത്രമേ അപകടസ്ഥലങ്ങളിൽ എത്താനാകൂ.

ഇന്നലെ കാറ്റ് ശക്തമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കനക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വരണ്ട പൊടിക്കാറ്റ് രണ്ടാഴ്ച നീണ്ടുനിൽക്കും. കാഴ്ച പോലും തടസ്സപെടുത്തുന്ന രീതിയിലാണ് കാറ്റ് വീശിയടിക്കുന്നത്.

ഉച്ചയോടെ പാഞ്ഞെത്തിയത്

എട്ടിടങ്ങളിൽ

അഗ്‌നിശമന സേനയ്ക്ക് വിശ്രമമില്ലാത്ത ദിനമായിരുന്നു ഇന്നലെ. ഉച്ചവരെ എട്ട് സ്ഥലങ്ങളിൽ എത്തി അഗ്‌നിശമന സേന രക്ഷാപ്രവർത്തനങ്ങൾ നടത്തി. രാവിലെ 3.45ന് കുണ്ടുകാട് നിന്നായിരുന്നു ആദ്യ കോൾ. വനം വകുപ്പുകാരാണ് സഹായം തേടിയത്. തളയംപാറയിൽ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. റോഡിൽ നിന്ന് 250 മീറ്റർ ദൂരെയുള്ള സ്ഥലത്തേക്ക് വാഹനത്തിന് പോകാൻ കഴിഞ്ഞില്ലെങ്കിലും ഫയർ സർവീസുകാരും ഫോറസ്റ്റുകാരും ചേർന്ന് മരച്ചില്ലകൾ ഒടിച്ച് തീ തല്ലിക്കെടുത്തി. ഒരു മണിക്കൂർ നീണ്ട ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമായത്. 8.55ന് ഫയർസ്റ്റേഷനടുത്ത് തന്നെയുള്ള അവന്യൂ റോഡിലെ ബൈലെയിനിൽ സജീഷിന്റെ പറമ്പിലെ തെങ്ങ് ശക്തമായ കാറ്റിൽ 11 കെ.വി. ലെയ്‌നിലേക്ക് മറിഞ്ഞുവീണു. ഇതോടെ മറ്റൊരു തെങ്ങിന് തീപിടിച്ചു. റോഡിൽ ഗതാഗതവും സ്തംഭിച്ചു. ഉടനെ സ്ഥലത്തെത്തി തീയണച്ചു. വീണ തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

10.25ന് ചെമ്പൂക്കാവിലെ ഫ്‌ളാറ്റിൽ വീട്ടമ്മ ലിഫ്റ്റിൽ കുടുങ്ങിയതായി കോൾ വന്നു. കാട്ടിപറമ്പിൽ ജോർജിന്റെ ഭാര്യ ഓമനയാണ് മൂന്നാം നിലയിൽ കുടുങ്ങിയത്. ഫയർ സർവീസുകാരെത്തി മാനുവലായി ലിഫ്റ്റ് ഇറക്കി ഇവരെ പുറത്തിറക്കുകയായിരുന്നു. 11.09ന് മുണ്ടൂരിൽ പറമ്പിൽ ഉണങ്ങിയ പുല്ലിന് തീ പിടിച്ചു. 11.19ന് മണ്ണുത്തിയിൽ ടെൻസ് ബസ് സ്റ്റോപ്പിന് സമീപം പുല്ലിന് തീപിടിച്ചതായുള്ള കോളും എത്തി. രണ്ടിടത്തും അഗ്‌നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രിച്ചു. സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

അച്ഛനും മകളും രക്ഷപ്പെട്ടു

7.38 നായിരുന്നു അഞ്ചേരിയിൽ പുത്തൻപുരക്കൽ അബിയുടെ മകൾ ദീപ (28) അബദ്ധത്തിൽ കിണറ്റിൽ വീണതായി വിവരം കിട്ടിയത്. രക്ഷിക്കാനിറങ്ങിയ അബിയും കയറാനാകാതെ കിണറ്റിൽ കുടുങ്ങി. മുപ്പതടി ആഴവും 10 അടി വെള്ളവുമുള്ളതായിരുന്നു കിണർ. പമ്പിൽ പിടിച്ചതിനാൽ ഇരുവരും വെള്ളത്തിൽ മുങ്ങിയില്ല. സേനാംഗങ്ങൾ എത്തി ഇരുവരെയും പുറത്തെടുത്തു രക്ഷിച്ചു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു...