തൃശൂർ: 'നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന ആശയം ഉയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ പര്യടനം നടത്തും. ബുധനാഴ്ച വൈകിട്ട് 5ന് ജില്ലാ അതിർത്തിയിലെ സ്വീകരണം പഴയന്നൂർ അമ്പലനടയിൽ നടക്കും. ജില്ലയിലെ ആദ്യത്തെ പൊതു സ്വീകരണം വൈകിട്ട് 5.30ന് ചേലക്കര സെന്ററിലും 6.30ന് വടക്കാഞ്ചേരിയിൽ ഓട്ടുപാറയിലും ആയിരിക്കും. വ്യാഴാഴ്ച രാവിലെ 10 ന് കുന്നംകുളത്തും, 11ന് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ സ്വീകരണം വടക്കേക്കാട് സെന്ററിലും, വൈകിട്ട് 3ന് മണലൂർ നിയോജകമണ്ഡലത്തിലെ പാവറട്ടി - പൂവ്വത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തും, 4 ന് നാട്ടിക നിയോജക മണ്ഡലത്തിലെ സ്വീകരണം തൃപ്രയാർ സെന്ററിലും, 5.30ന് തൃശൂർ-ഒല്ലൂർ നിയോജക മണ്ഡലങ്ങളുടെ സ്വീകരണം തെക്കെ ഗോപുരനടയിലുമാണ് നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10 ന് പുതുക്കാട് നിയോജക മണ്ഡലത്തിലെ സ്വീകരണം ആമ്പല്ലൂർ ജംഗ്ഷൻ, 11 ന് ഇരിങ്ങാലക്കുട, വൈകിട്ട് 3 ന് കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ സ്വീകരണം എറിയാട്, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ സ്വീകരണം 4 ന് മാള, 5.30ന് ജില്ലയിലെ ജനമഹായാത്രയുടെ പര്യടന സമാപനം ചാലക്കുടിയിലും ആയിരിക്കും. ജില്ലയിലെ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. എൻ. പ്രതാപൻ അറിയിച്ചു. കെ.പി.സി.സി പ്രവർത്തന ഫണ്ടിലേക്ക് ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തകർ സ്വരൂപിച്ച സംഭാവനകൾ സ്വീകരണ സമ്മേളനങ്ങളിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ, കെ.പി.സി.സി പ്രസിഡന്റിന് കൈമാറും. ഒരു ബൂത്തിൽ നിന്നും 12,000 രൂപയാണ് സ്വരൂപിക്കുന്നത്. ജില്ലയിലെ നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഥയ്ക്ക് സ്വീകരണ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ചെയർമാൻമാരും, കൺവീനർമാരുമായിട്ടുള്ള സ്വാഗതസംഘം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജനമഹായാത്രയ്ക്ക് വരവേൽപ്പ് നൽകുന്നത്.