വടക്കാഞ്ചേരി: കുറ്റവാളികൾക്കും മോഷ്ടാക്കൾക്കും പൊലീസ് കുട ചൂടുന്നുവെന്ന രൂക്ഷ വിമർശനവുമായി വടക്കാഞ്ചേരി നഗരസഭയിലെ ഇടതു കൗൺസിലർ വി.പി. മധു രംഗത്ത്. കഴിഞ്ഞ നവംബർ 22ന് ഓട്ടുപാറയിൽ ജോലിക്കു പോകുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയും നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മുങ്ങുകയും ചെയ്ത കാർ ഡ്രൈവറെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള തികഞ്ഞ അനാസ്ഥയാണെന്ന് മധു ആരോപിച്ചു.

പരിക്കേറ്റയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാർ ഡ്രൈവറെ പിടികൂടാമെന്നിരിക്കെ രണ്ടര മാസം കഴിഞ്ഞിട്ടും കാർ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയാണെന്നും മധു ആരോപിച്ചു. എങ്കക്കാട് വടക്കാഞ്ചേരി മേഖലയിൽ നടക്കുന്ന മോഷണ പരമ്പരകൾക്കു പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് കീഹോൾ ജോൺ ആണെന്നാണ് മറ്റൊരു ആരോപണം.

ദിവസങ്ങൾക്കു മുൻപ് എങ്കക്കാടു നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കീഹോൾ ജോണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും ചോദ്യം ചെയ്യുക പോലും ചെയ്യാതെ വിശുദ്ധനായി പ്രഖ്യാപിച്ച് വിട്ടയച്ചിരുന്നു. എന്തു സമ്മർദ്ദത്തിന്റെ പേരിലാണ് പൊലീസ് ഇയാളെ വിട്ടയച്ചതെന്ന് വ്യക്തമാക്കണമെന്നും മധു ആവശ്യപ്പെട്ടു. വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ മധുവിനോടൊപ്പം വാഹനാപകടത്തിൽ പരിക്കേറ്റ ബാലകൃഷ്ണനും, കീഹോൾ ജോണിനെ പിടികൂടിയ സുനിൽ കുമാറും പങ്കെടുത്തു.