വടക്കാഞ്ചേരി: കുമ്പളങ്ങാട് കുറുമക്കാവ് ക്ഷേത്രം സംക്രാന്തി വേല വർണാഭം. ഉച്ചയോടെ ഗജവീരൻമാരുടെ അകമ്പടിയോടെ പഞ്ചവാദ്യത്തോടു കൂടി അവണപ്പറമ്പ് മനയിൽ നിന്ന് എഴുന്നെള്ളിപ്പ് ക്ഷേത്രത്തിലെത്തി. പഞ്ചവാദ്യത്തിൽ കലാമണ്ഡലം മനോജ്, കല്ലേക്കുളങ്ങര ബാബു, പേരാമംഗലം ബാലൻ, കേരളശ്ശേരി കുട്ടൻ, പള്ളിമണ്ണ രാജീവ് മാരാർ തുടങ്ങിയവർ പ്രമാണം വഹിച്ചു. തുടർന്ന് മുണ്ടായ ജയന്റെ നേതൃത്വത്തിൽ മേളവും നടന്നു. ശേഷം വിവിധ കലാരൂപങ്ങളോടെ ചെറുപൂരങ്ങളും ക്ഷേത്രത്തിലെത്തിയതോടെ പൂരാരവം വാനോളമായി. ദീപാരാധനയ്ക്കു ശേഷം തായങ്കാവ് ഹരിയുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. തുടർന്ന് ഗാനമേളയും നടന്നു.