ചെറുതുരുത്തി: ആൽത്തറ മേളത്തിന്റെ ആവേശ ലഹരിയിൽ അലിഞ്ഞ് പൂരപ്രേമികൾ കുറ്റിയങ്കാവിൽ പൂരത്തലേന്ന് ആവേശാരവം തീർത്തു. രണ്ടു ദേശങ്ങളുടെയും ചമയപ്രദർശനം കാണാനും നിരവധി പേരെത്തി. കലാനിലയം ഉദയൻ നമ്പൂതിരിയും സംഘവുമാണ് ആൽത്തറ മേളം ഒരുക്കിയത്. ആചാര വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ മിണാലൂർ കുറ്റിയങ്കാവ് പൂരം ഇന്ന് ആഘോഷിക്കും.
വെടിക്കെട്ടിന് അനുമതി ലഭിക്കാത്തത് പൂര പ്രേമികളെ നിരാശരാക്കിയെങ്കിലും കാഴ്ച പൂരങ്ങളിൽ വ്യത്യസ്ഥതയൊരുക്കി ആഘോഷം കൊഴുപ്പിക്കാനാണ് ഇരു ദേശങ്ങളുടെയും തീരുമാനം. മിണാലൂർ തിരുത്തിപറമ്പ് ദേശങ്ങൾ 7 വീതം ഗജവീരന്മാരെ അണിനിരത്തും. പാറമേക്കാവ് പത്മനാഭൻ തിരുത്തിപറമ്പിനും, എറണാകുളം ശിവകുമാർ മിണാലൂർ ദേശത്തിനും തിടമ്പേന്തും. തിരുത്തിപറമ്പ് ദേശം മണക്കുളം കോവിലകത്തു നിന്നും 12ന് എഴുന്നെള്ളിപ്പ് ആരംഭിക്കും. മിണാലൂർ ദേശത്തിന്റെ എഴുന്നെള്ളിപ്പ് ഉച്ചയ്ക്ക് ഒന്നിന് വടക്കെ തേർക്ക് ശിവക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുക.
വൈക്കം ചന്ദ്രൻ, കുനിശ്ശേരി ചന്ദ്രൻ, തോന്നൂർക്കര ശിവൻ, മച്ചാട് ഉണ്ണി നായർ, തിരുവില്വാമല ഹരി എന്നിവർ മിണാലൂർ ദേശത്തിനും കോങ്ങാട് മധു, കോട്ടയ്ക്കൽ രവി, മച്ചാട് മണികണ്ഠൻ, പാഞ്ഞാൾ വേലു കുട്ടി, തിച്ചൂർ മോഹനൻ തുടങ്ങിയവർ തിരുത്തി പറമ്പ് ദേശത്തിനും പഞ്ചവാദ്യത്തിൽ പ്രമാണം വഹിക്കും.