കുന്നംകുളം: കേന്ദ്രസർക്കാരിനെ വിമർശിച്ചും ജി.എസ്.ടിക്ക് കൈയടിച്ചും കുന്നംകുളം നഗരസഭാ ബഡ്ജറ്റ്. വൈസ് ചെയർമാനും, ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി.എം. സുരേഷാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 8.44 കോടി രൂപ മുന്നിരിപ്പും, 30.48 കോടി രൂപ തനത് വർഷ വരുമാനവും ചേർത്ത് 2018- 19ലെ പുതുക്കിയ ബഡ്ജറ്റും 8.55 കോടി മുന്നിരിപ്പും 83.29 കോടി പ്രതീക്ഷിത വരവും ചേർത്ത് 91.84 കോടി രൂപ വരവും 84.71 കോടി രൂപ പ്രതീക്ഷിത ചെലവും 7.13 കോടി രൂപ മിച്ചവുമുള്ള 2019- 20 വർത്തേക്കുള്ള മതിപ്പു ബഡ്ജറ്റുമാണ് സഭയിൽ അവതരിപ്പിച്ചത്.

വരുമാനത്തിൽ സ്വയംപര്യാപ്തത നേടുന്നതോടൊപ്പം താലൂക്കായി മാറിയ നഗരത്തിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്ന ബഡ്ജറ്റ് ചെയർപഴ്‌സൺ സീതാരവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അവതരിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 മുതൽ ബഡ്ജറ്റിൻ മേലുള്ള ചർച്ചകൾ ആരംഭിക്കും.

കേന്ദ്രത്തിന് വിമർശനം, ജി.എസ്.ടിക്ക് കൈയടി

പ്രളയാനന്തര പുനർനിർമ്മാണത്തെ സഹായിക്കുന്നതിന് പകരം ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ നിലപാടുകളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ബഡ്ജറ്റിൽ പരാമർശമുണ്ടായി. റവന്യൂ പ്രതീക്ഷകളെ കുറിച്ചുള്ള പരാമർശങ്ങൾക്കിടെയാണ് വിമർശനം. എന്നാൽ അതേ അടിക്കുറിപ്പിൽ തന്നെ വരുമാന സ്രോതസുകളെ കുറിച്ചുള്ള അടയാളപ്പെടുത്തലിൽ ജി.എസ്.ടിയെ വാനോളം പുകഴ്ത്തി. ജി.എസ്.ടിയിലെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് സംവിധാനം നഗരസഭകളെ സംബന്ധിച്ച് ലാഭമാണെന്നും തനത് വർഷം 15 ലക്ഷം രൂപ ഈയിനത്തിൽ വരുമാനമുണ്ടെന്നും അടുത്ത വർഷം റവന്യൂ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് ഇത് കാരണമാകുമെന്നും പറയുന്നു.

ബഡ്ജറ്റ് ചുരുക്കത്തിൽ

തുറക്കുളം മാർക്കറ്റ് നേരിട്ട് നിർമ്മിക്കുന്നതിന് ​- അമ്പത് ലക്ഷം രൂപ വകയിരുത്തി

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പുതിയ മാർക്കറ്റ്, ഉറവിട മാലിന്യ സംസ്കരണം, ഇ- ടോയ്‌ലെറ്റ്, കുടിവെള്ളം എന്നിയ്ക്ക് ഊന്നൽ

കഴിഞ്ഞതവണ ഫലവത്തായില്ലെങ്കിലും ഇക്കുറിയും ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിനായുള്ള തുക വകയിരുത്തി

റോഡ് നവീകരണം, ഭവന നിർമ്മാണം, കാർഷിക - കായിക - വിദ്യാഭ്യാസ മേഖലകൾക്ക് യുക്തിപൂർണ്ണമായ പദ്ധതികൾ

അന്തർ ദേശീയ ബാസ്കറ്റ് ബാൾ മത്സരം സംഘടിപ്പിക്കാൻ പണം മാറ്റിവച്ചിരിക്കുന്നു

കാർബൺ ക്രെഡിറ്റ് നേടുന്ന മേഖലയാക്കാനും വിളകൾക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കാനും പദ്ധതി, 10 ലക്ഷം നീക്കിവച്ചു

വരുമാന സ്രോതസുകൾ

ബസ് സ്റ്റാൻഡ് പൂർത്തിയായാൽ നാല് കോടി രൂപ പ്രതിവർഷവരുമാനം ഉണ്ടായേക്കും

നഗരസഭാ ടൗൺഹാൾ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചതോടെ 15 ലക്ഷം രൂപ വരുമാനം

ചൊവ്വന്നൂരിൽ പണി തീർത്ത കമ്മ്യൂണിറ്റ് ഹാളും നഗരസഭക്ക് വലിയ മുതൽകൂട്ടാവും