ഗുരുവായൂർ: ഗുരുവായൂരിൽ ഇന്ന് ശാന്തിഹോമ കലശാഭിഷേകം. സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന കലശാഭിഷേകങ്ങളിൽ പ്രധാനമാണിത്. അത്ഭുതശാന്തി ഹോമ കലാശാഭിഷേകത്തിനാണ് ഇന്ന് ക്ഷേത്രം നാലമ്പലം ഒരുങ്ങുക. വൈകീട്ട് ഏഴിന് മുളപൂജയ്‌ക്കൊപ്പം തന്നെ കുണ്ഡശുദ്ധിയുമുണ്ട്. കലശചടങ്ങിന്റെ നാലാം ദിവസമായ ഇന്നലെ മഹാകുംഭാഭിഷേകം നടന്നു.

മുളയറയിൽ രണ്ട് നേരവും മുളപൂജ നടന്നുവരുന്നുണ്ട്. തത്വകലശം വരെയാണ് ഇത് തുടരുക. 16ന് രാവിലെ സഹസ്രകലശവും തുടർന്ന് ബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യുന്നതോടെയാണ് കലശ ചടങ്ങുകൾക്ക് സമാപ്തിയാകുക. 17ന് രാത്രി പത്തു നാൾ നീളുന്ന ക്ഷേത്രോത്സവത്തിന് കൊടികയറും. ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസിദ്ധമായ ആനയോട്ടം 17ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കും.