എരുമപ്പെട്ടി: വേലൂർ കിരാലൂർ പരശുരാമയ്യർ മെമ്മോറിയൽ എൽ.പി സ്‌കൂൾ സർക്കാർ ഏറ്റെടുക്കൽ ചടങ്ങും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് വൈകീട്ട് ആറിന് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2011 മേയ് രണ്ടിനാണ് നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് മാനേജ്‌മെന്റ് സ്‌കൂൾ അടച്ച് പൂട്ടിയത്. എന്നാൽ ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും ഇതിനെതിരെ രംഗത്ത് വന്നതോടെ വിദ്യാലയത്തിന്റെ സംരക്ഷണം ജനപ്രതിനിധികളുടെയും രാഷ്ട്രീയ, പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

സ്‌കൂൾ അടച്ച് പൂട്ടുന്നതിനെതിരെ സംരക്ഷണ മുന്നണി രൂപീകരിച്ച് പ്രതിരോധ സമരം ആരംഭിച്ചു. തുടർന്ന് 2016 ജൂൺ എട്ടിന് കിരാലൂർ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിച്ച് വരുന്നത്. 11 ലക്ഷം രൂപ ചെലവഴിച്ച് എം.പി പി.കെ. ബിജു സ്‌കൂളിന് ബസ് നൽകിയിട്ടുണ്ട്. പുതിയ ക്ലാസ് മുറികളും ടോയ്‌ലെറ്റും കവാടവും നിർമ്മിക്കുന്നതിനായി മന്ത്രി എ.സി. മൊയ്തീൻ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോടതി വിധി പ്രകാരം 79 ലക്ഷം രൂപ മാനേജ്‌മെന്റിന് നൽകിയാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. സ്‌കൂളിൽ നടക്കുന്ന ആഘോഷ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തും. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.

എം.പി പി.കെ. ബിജു മുഖ്യാതിഥിയാകും. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്. നായർ, മുൻ. എം.എൽ.എ ബാബു. എം. പാലിശ്ശേരി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംരക്ഷണ സമിതി കൺവീനർ പി.കെ. ഹരികൃഷ്ണൻ മാസ്റ്റർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി.ആർ ഷോബി, ജോ. കൺവീനർ ജോസ് ഒലക്കേങ്കിൽ എന്നിവർ പങ്കെടുത്തു...