എരുമപ്പെട്ടി: എരുമപ്പെട്ടി കടങ്ങോട് മേഖലകളിൽ വീടുകൾക്കും വാഹനത്തിനും നേരെ പരക്കെ ആക്രമണം. സംഘം ചേർന്നെത്തിയ സാമൂഹിക വിരുദ്ധർ 13 വീടുകളുടെ ജനൽ ചില്ലുകളും ഒരു കാറിന്റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ പുലർച്ചെ രണ്ടിന് ശേഷമാണ് ആക്രമണങ്ങൾ നടന്നത്. ബൈക്കിൽ സഞ്ചരിച്ചാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.
കടങ്ങോട് മില്ല് ചെമ്പ്രയൂർ വാഹിത സൈതലവി, മണികണ്ഠൻ കടങ്ങോട്, ആലീശ്വരം റോഡിൽ ഗോൾഡ് സ്മിത്ത് വിശ്വനാഥൻ, ബിബി ഡൊമനിക്ക്, കോരായ്മുക്ക് ആറാട്ടിൽ സുബൈർ, അറങ്ങാട്ടിൽ നബീസ, ചാലക്കൽ നിഷ രുഗ്മിണി, കുടക്കുഴി കേരംപറമ്പത്ത് വിഷ്ണു ഗോപിനാഥൻ, അലങ്കാരത്ത് വിജയൻ, പടിഞ്ഞാറെ ഇടുക്കാട്ട് സാവിത്രിയമ്മ, തെക്കുമുറി കുളങ്ങരകത്ത് കാനാപുള്ളി മുഹമ്മദ് സെയ്ത്, വെള്ളറക്കാട് മനപ്പടി ചീരൻ ജോസ്, എരുമപ്പെട്ടി തിപ്പല്ലൂർ ചിറ്റലപ്പിള്ളി ബാബു എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്.
മുസ്ലിം ലീഗ് നേതാവ് എരുമപ്പെട്ടി കരിയന്നൂർ കള്ളിവളപ്പിൽ ആസാദിന്റെ കാറിന്റെ ചില്ലാണ് എറിഞ്ഞ് തകർത്തത്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിറകിലെന്ന് കരുതുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. എരുമപ്പെട്ടി എസ്.ഐ: സുബിന്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മേഖലയിലെ നീരിക്ഷണ കാമറകൾ പൊലീസ് പരിശോധിച്ച് വരുകയാണ്. എരുമപ്പെട്ടി, കടങ്ങോട് മേഖലകളിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം പതിവായിരിക്കുകയാണ്. വീടുകൾക്ക് നേരെ നടന്ന കല്ലേറ് ജനങ്ങളിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് വീടുകളുടെ ജനലുകളിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് ആശങ്ക സൃഷ്ടിച്ചിരുന്നു.